
നടൻ ഹരീഷ് കണാരൻ്റെ ആരോപണങ്ങളിൽ പ്രതികരിച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷ. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും, 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന് തനിക്ക് ഹരീഷ് പണം നൽകിയില്ലെന്നും ബാദുഷ പറഞ്ഞു. കൂടാതെ ചില ചിത്രങ്ങളിൽ ഹരീഷിന് കഥാപാത്രങ്ങൾ താൻ ചോദിച്ച് വാങ്ങി നൽകിയിട്ടുണ്ടെന്നും, ഹരീഷിനെതിരെ അഡ്വക്കറ്റുമായി തീരുമാനിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്നും ബാദുഷ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ബാദുഷ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“20 ലക്ഷമാണ് ഹരീഷിൽ നിന്നും വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിൻ്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതി. ‘എആർഎം സിനിമയിൽ ഹരീഷ് പ്രതിഫലം കൂടുതൽ ചോദിച്ചു. അതിനാൽ നിർമാതാവാണ് ഹരീഷിനെ മാറ്റിയത്. 5 ലക്ഷമാണ് നിർമാതാവ് പ്രതിഫലം പറഞ്ഞത്. ഹരീഷ് 15 ലക്ഷം വേണമെന്ന് പറഞ്ഞു. അതാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. ഹരീഷിൽ നിന്നും 14 ലക്ഷം പണമായി വാങ്ങിയതിന് ബാങ്ക് രേഖകൾ തെളിവാണ്. ആറരലക്ഷം തിരിച്ച് നൽകി. ബാക്കി സാമ്പത്തിക പ്രയാസം കാരണം പിന്നീട് നൽകാമെന്ന് അറിയിച്ചു. നല്ല സൗഹൃദം ഉണ്ടായിരിക്കെ എന്താണ് ഇത പെട്ടെന്ന് ഇത്തരത്തിൽ ഒരു ആരോപണം എന്ന് അറിയില്ല. ഹരീഷ് വർക്ക് ഇല്ലാതിരിക്കുകയല്ലേ, ചിലപ്പോൾ വീണ്ടും വാർത്തകളിൽ വരാനാകും. ഹരീഷ് കണാരന് അവസരം നഷ്ട്ടപ്പെട്ടത് ഹരീഷിന്റെ സ്വഭാവം കൊണ്ടാണ്. ഹരീഷ് പല സെറ്റുകളിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും ഒരാൾ സിനിമയിൽ നിറഞ്ഞ് നിൽക്കില്ല. പുതിയ ആളുകൾ വന്നാൽ മാറിക്കൊടുക്കണം”ബാദുഷ പറഞ്ഞു.
“ആശകൾ ആയിരം’ എന്ന ചിത്രത്തിൽ ഹരീഷിന് പറ്റിയ വേഷമില്ലായിരുന്നു. എന്നിട്ടും ജുഡ് ആന്തണിയോട് പറഞ്ഞ് ഒരു വേഷം വാങ്ങി നൽകി. എന്നാൽ ആ ദിവസങ്ങളിൽ ഹരീഷിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോ ഉള്ളതിനാൽ ആ വേഷം ചെയ്യാനായില്ല. നാട്ടിൽ വന്ന ശേഷം ഹരീഷിൻ്റെ ഡേറ്റിൽ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാൽ ഹരീഷ് പറയുന്ന ഡേറ്റിൽ അഭിനയിക്കുക സാധ്യമല്ലായിരുന്നു. ഇതിൽ എവിടെയാണ് ഹരീഷിന്റെ അവസരം കളഞ്ഞത്. എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് ഒരു മാസം മുൻപാണ് ഈ സംഭവം. ചാൻസ് ലഭിച്ചിട്ടും ഹരീഷിന് അഭിനയിക്കാൻ സാധിച്ചില്ല. അഡ്വക്കറ്റുമായി തീരുമാനിച്ച് നിയമപരമായി മുന്നോട്ട് പോകും, പണിയെടുത്തതിന് പണം എനിക്ക് നൽകാനുണ്ട്. ആരോപണം മൂലം കുടുംബവും ഞാനും അത്രയും അനുഭവിച്ചു. ആരോപണത്തിന് ശേഷം മകൻ കോളേജിൽ പോയിട്ടില്ല. അവൻ്റെ ഭാവി പോയി. മകളുടെ പേജിൽ വരെ സൈബറാക്രമണം ഉണ്ടായി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സൈബർ സെല്ലിന് പരാതി നൽകും.” ബാദുഷ കൂട്ടിച്ചേർത്തു.
പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷയ്ക്കെതിരെ നടന് ഹരീഷ് കണാരന് ഉന്നയിച്ച ആരോപണം വലിയ വിവാദമായിരുന്നു. തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരികെ നല്‍കിയില്ലെന്നും ചോദ്യം ചെയ്തതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമായിരുന്നു ഹരീഷിന്റെ ആരോപണം. തന്നെപ്പോലെ തന്നെ നടന് ധര്മജന് ബോള്‍ഗാട്ടിയ്ക്കും ബാദുഷ പണം നല്‍കാനുണ്ടെന്നും ഹരീഷ് ആരോപിച്ചിരുന്നു.