
‘ഡീയസ് ഈറേ’യിലെ പ്രണവിന്റെ പ്രകടനത്തിനെയും, ചിത്രത്തിനെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. സത്യസന്ധമായ ഒരു കണ്ടന്റ് പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ താനടക്കമുള്ള പ്രേക്ഷകർ മുള്‍മുനയില്‍ തന്നെ നിന്നുവെന്ന്’ ഭദ്രൻ പറഞ്ഞു. കൂടാതെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ അല്‍ പാചിനോയെ ഓര്‍മവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഹുല്‍ സദാശിവന്റെ ‘ഭൂതകാലം’ അന്ന് കണ്ടപ്പഴേ അത്യപൂര്‍വമായ ഒരു സിനിമയായി തോന്നി. പിന്നീട് ഇറങ്ങിയ ‘ഭ്രമയുഗ’വും പ്രശംസനീയമായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ‘ഡീയസ് ഈറേ’ എന്തുകൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാന്‍ മനസ്സില്‍ ഒരു ത്വരയുണ്ടായി. ഈ സിനിമകളുടെ ജോണറുകളില്‍ എല്ലാം സമാനതകളുണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു കണ്ടന്റ് പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ മുള്‍മുനയില്‍ തന്നെ നിന്നു. ഞാന്‍ അടക്കം. വെല്‍ഡണ്‍ രാഹുല്‍’, ഭദ്രന് കുറിച്ചു.
‘പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍മുഖം ഉടനീളം കണ്ടു. 80-കളിലും 90-കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അല്‍ പാചിനോയെ ഞാന്‍ ഓര്‍ത്തുപോയി. സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോര്‍വിളികളൊ അല്ലാത്ത ഒരു അറ്റയറിനും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ചവരയില്നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു. ഹെയ് പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന് തന്നെ. സിനിമയെ ചടുലമാക്കിയ എഡിറ്റുകളും സൈലെന്‍സുകളും സൗണ്ട് ഡിസൈനും എല്ലാത്തിനേം സമന്വയിപ്പിച്ചുകൊണ്ടുള്ള ബ്രില്ലിയന്റ് ബാക്ക്ഗ്രൗണ്ട് സ്കോറും അവിശ്വസനീയം. ക്രിസ്റ്റോയ്ക്കും എന്റെ എല്ലാ അഭിനന്ദങ്ങളും. ആകാശം മാത്രമാണ് പരിധി’, ഭദ്രൻ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പ്രണവ് മോഹൻലാലൈൻ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ‘ഡീയസ് ഈറേ’ 50 കോടി ക്ലബിൽ കയറിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 31 ന് ആഗോള റിലീസായി എത്തിയ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസമാണ് ആഗോള കളക്ഷൻ 50 കോടി പിന്നിട്ടത്. കേരളത്തിന് അകത്തും പുറത്തും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിച്ചത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്ന ചിത്രത്തിൽ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാലും കാഴ്ചവെച്ചിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് കുതിപ്പാണ് ചിത്രം നടത്തുന്നത്. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം, അദ്ദേഹത്തിന് സമ്മാനിച്ചത് ഹാട്രിക്ക് 50 കോടി ക്ലബ് കൂടിയാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രമാണ് ‘ഡീയസ് ഈറേ’.