‘ബാഡ് ഗേൾ’ അവസാന ചിത്രം; നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന പ്രഖ്യാപനം നടത്തി വെട്രിമാരന്‍

','

' ); } ?>

ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന പ്രഖ്യാപനം നടത്തി സംവിധായകൻ വെട്രിമാരന്‍. അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമ്മർദ്ദം അധികമായതിനാലാണ് നിർത്തുന്നതെന്നാണ് വെട്രിമാരന്‍ പറയുന്നത്. നിർമാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിർമാതാവായതിനാൽ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉൾപ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാൽ നിർമാതാവിനുമേലുള്ള അധികസമ്മർദമാകും ഇത്. ‘മാനുഷി’ ഇപ്പോൾ തന്നെ കോടതിയിലാണ്. അതിനായി അവർ ഒരു ഉത്തരവ് നൽകിയിട്ടുണ്ട്. ബാഡ് ഗേളിൻ്റെ കാര്യത്തിലും, ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.’ -വെട്രിമാരൻ പറഞ്ഞു.

‘ബാഡ് ഗേളിന്റെ ടീസർ ഇറങ്ങിയപ്പോൾ മുതൽ അതിനെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ ബാഡ് ഗേൾ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മാനുഷി ഒരുതവണ സെൻസർ ബോർഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായതാണ്. അതുകൊണ്ട് തന്നെ നിർമാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേൾ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചത്.’ -വെട്രിമാരൻ കൂട്ടിച്ചേർത്തു.

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിക്കുന്നത്. കുട്ടികളേയും കൗമാരക്കാരേയും വളരെ മോശമായി ചിത്രീകരിച്ചു എന്ന വിമര്‍ശനമാണ് ബാഡ് ഗേളിനെതിരെ വലിയതോതില്‍ ഉയര്‍ന്നത്. സിനിമയിലെ ജാതിയുടെ ചിത്രീകരണം യുവതലമുറയെ മോശമായി സ്വാധീനിക്കുമെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ജൂലായില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ടീസര്‍ വീണ്ടും യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു.