“ലാലേട്ടനായിരുന്നു ആ സ്‌ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ, തലപ്പത്തുള്ള സ്ത്രീകൾ തീർച്ചയായും മറുപടി പറയണം”; ബാബുരാജ്

','

' ); } ?>

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരിക്കാൻ ബാധ്യസ്‌ഥരായിട്ടും ‘അമ്മയുടെ’ തലപ്പത്തിരിക്കുന്ന സ്ത്രീകൾ
എസ്കേപ്പ് ആവുകയാണെന്ന് കുറ്റപ്പെടുത്തി നടൻ ബാബുരാജ്. കൂടാതെ ഇപ്പോഴും തലപ്പത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്‌ഥിതിയെന്നും, മോഹൻലാൽ മാറിയത് നന്നായെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. ‘പൊങ്കാല’ സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.’അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, ‘അമ്മ’യെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്‌ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.” ബാബുരാജ് പറഞ്ഞു.

“ഇവരായതുകൊണ്ട്, ഇവർക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്‌ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്‌ഥരാണ്. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്.” ബാബുരാജ് കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘അമ്മ’ പ്രസിഡൻ്റ് ശ്വേത മേനോനോ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ 12-ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചത്.