‘അയ്യപ്പനും കോശിയും’ മുപ്പതു കോടി ക്ലബിലേയ്ക്ക്…

','

' ); } ?>

സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അയ്യപ്പനും കോശിയും 30 കോടി ക്ലബ്ബിലേയ്ക്ക്. ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കുമിടയില്‍ ചിത്രം ഒരുപോലെ സ്വീകരിക്കപ്പെട്ട് പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി ഏഴാം തീയതിയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് പത്തൊന്‍പത് ദിവസത്തിനുള്ളിലാണ് ചിത്രം മുപ്പതു കോടി വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേട്ടം കൈവരിച്ചതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതാണ് ഈ വിവരം.

സച്ചി തിരക്കെഴുതിയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് അയ്യപ്പന്‍. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരന്‍ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്നങ്ങളിലൂടെ വലിയ രാഷ്ട്രീയത്തേയും സച്ചി സിനിമയില്‍ അവതരിപ്പിക്കുന്നത്. റിയല്‍ ആക്ഷന്‍ മൂവിയായിരിക്കും ‘അയ്യപ്പനും കോശിയും’ എന്ന് സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. അന്ന രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.

രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍, എഡിറ്റിംഗ് രഞ്ജന്‍ അബ്രഹാം, സംഗീതം ജേക്‌സ് ബിജോയ്. അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചമ്മ പാടിയ നാടന്‍ പാട്ട് ഹിറ്റാണ്.