അയ്യപ്പന്റെ വീരകഥയുമായി പൃഥ്വിരാജ്

സ്വാമി അയ്യപ്പന്റെ ഐതീഹ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അയ്യപ്പനായി പൃഥ്വിരാജ്. ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. റോ, റിയല്‍, റിബല്‍’ എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രീകരിക്കുക.

‘വര്‍ഷങ്ങളായി ശങ്കര്‍ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്ന തുല്യമാണെന്നും ‘ പൃഥ്വിരാജ് പറഞ്ഞു. മലയാളം കണ്ട ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പൃഥ്വിരാജ് ചിത്രങ്ങളായ ഉറുമി, മൈ സ്‌റ്റോറി എന്നിവയുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ കൂടാതെ നായകനായെത്തുന്ന ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്.