
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും ചർച്ചയായിരുന്ന അറ്റ്ലി-അല്ലു അർജുൻ കൂട്ടുകെട്ടിന് ഔദ്യോഗിക സ്ഥിരീകരണമെത്തി. ജവാനിന്റെ ബിഗ് ഹിറ്റിന് ശേഷം അറ്റ്ലിയും പുഷ്പ 2-ന്റെ വിജയത്തിന് പിന്നാലെ അല്ലു അർജുനുമാണ് ഒന്നിക്കാൻ ഒരുങ്ങുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ഭീമൻ പ്രോജക്ടിന്റെ പ്രഖ്യാപനം അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ വീഡിയോയിലൂടെ പുറത്തുവിട്ടു.
പ്രഖ്യാപന വീഡിയോയിൽ, അല്ലുവും അറ്റ്ലിയുമൊത്ത് യുഎസിലേക്കുള്ള യാത്രയും, ഹോളിവുഡിന്റെ പ്രമുഖ സാങ്കേതിക വിദഗ്ധരുമായി നടത്തിയ ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പൈഡർമാൻ: ഹോം കമിങ്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, ട്രാൻസ്ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലൂടെയും പ്രശസ്തരായ ടെക്നീഷ്യൻമാരാണ് ഈ സിനിമയുമായി ചേർന്ന് പ്രവർത്തിക്കുന്നത്.
പുനർജന്മ പ്രമേയം ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. അല്ലു അർജുൻ ചിത്രത്തിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതിൽ ഒന്ന് ആധുനിക പശ്ചാത്തലത്തിലും മറ്റൊന്ന് പഴയ കാലഘട്ടത്തിലുമാണ്. ഏകദേശം 600 കോടിയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. അല്ലു അർജുനിന് 250 കോടി രൂപയും, അറ്റ്ലിക്ക് 100 കോടി രൂപയുമാണ് പ്രതിഫലമായി നൽകുന്നത് എന്നതും ശ്രദ്ധേയമായ വിവരങ്ങളാണ്.