
നടിയും അവതാരകയുമായ പേളി മാണിക്കെതിരെ വിമർശനമുന്നയിച്ചുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. താന്‍ ആരേയും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും പൊതുവായി പറഞ്ഞതാണെന്നുമാണ് അശ്വതിയുടെ പ്രതികരണം. കൂടാതെ കുറച്ച് മസാല ഉണ്ടെങ്കില്‍ മാത്രമേ റീച്ച് നേടാന്‍ സാധിക്കൂ, ഇത് വെറുപ്പ് പ്രചരിപ്പിക്കലാണെന്നും അശ്വതി കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പേളിയുടെ പേരെടുത്ത് പറയാതെയാണ് അശ്വതി വിഡിയോയില്‍ സംസാരിക്കുന്നത്.
കുറച്ച് മസാല ഉണ്ടെങ്കില്‍ മാത്രമേ റീച്ച് നേടാന്‍ സാധിക്കൂ. അതുകൊണ്ട് ബോധവത്കരണം എന്ന ഉദ്ദേശത്തോടെ ചെയ്ത വിഡിയോയെ വളച്ചൊടിച്ചുള്ള പല വേര്‍ഷനുകളും ഞാന്‍ കണ്ടു. അതില്‍ ഏറ്റവും വിഷമം തോന്നിയ കാര്യമുണ്ട്. എന്റെ ചിത്രവും വളരെ പോപ്പുലറായ മറ്റൊരു സെലിബ്രിറ്റി ഇന്‍ഫുളന്‍വസറുടെ ചിത്രവും വച്ച് ഞാന്‍ അവര്‍ക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ ക്യാപ്ഷന്‍ നല്‍കി, ഒരു ക്രോസ് ചെക്കിങുമില്ലാതെയാണ് അത് നല്‍കിയിരിക്കുന്നത്.” അശ്വതി ശ്രീകാന്ത് പറഞ്ഞു.
”ആര്‍ക്കുമെതിരെയല്ല ഞാന്‍ സംസാരിച്ചിട്ടുള്ളത്. പക്ഷെ ഞാന്‍ അവരെ ടാര്‍ഗറ്റ് ചെയ്ത് സംസാരിച്ചുവെന്ന തരത്തിലുള്ള തമ്പ് നെയില്‍ വച്ചത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പല പ്ലാറ്റ്‌ഫോമുകളിലും അത് പ്രചരിച്ചു. ഇത് വെറുപ്പ് പ്രചരിപ്പിക്കലാണ്. ഇന്‍ക്ലൂസീവായൊരു ലോകത്തിനായി ശ്രമിക്കുന്ന കാലത്ത്, വെറുപ്പ് പ്രചരിപ്പിക്കുകയാണ്. നമ്മള്‍ ഉദ്ദേശിച്ചത് മനസിലാക്കിയവരേക്കാള്‍ കൂടുതല്‍, തമ്പ് മാത്രം കണ്ട് ഇവര്‍ അവര്‍ക്കെതിരെ പറഞ്ഞതാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ കൂടുതലാണെന്ന് കണ്ടപ്പോള്‍ ബുദ്ധിമുട്ട് തോന്നി. നിങ്ങള്‍ക്ക് ആരോടെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവരെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ചെയ്‌തോളൂ. എനിക്ക് വേറെ ഒരാളെ വലിച്ചിട്ടും കുറ്റം പറഞ്ഞും കണ്ടന്റുണ്ടാക്കാന്‍ താല്‍പര്യമില്ല. അതിനാലാണ് ഞാന്‍ പലപ്പോഴും ജെനറലായി മാത്രം സംസാരിച്ചു പോകുന്നത്. എനിക്കറിയാം, നമ്മളെ ചൂണ്ടി ഒരാള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പ്രതിരോധത്തിലേക്ക് പോവും. ലോകം മുഴുവന്‍ നമുക്ക് എതിരാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് ഭയങ്കര ബുദ്ധിമുട്ടായിരിക്കും”, അശ്വതി ശ്രീകാന്ത് കൂട്ടിച്ചേർത്തു
കുട്ടികളുടെ വള്‍നറബിള്‍ ആയ നിമിഷങ്ങള്‍ പങ്കുവെച്ചാല്‍ ഭാവിയില്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെയും മറ്റും ബാധിക്കുമെന്നായിരുന്നു അശ്വതിയുടെ പരാമർശം. വിഡിയോ വൈറലയാതോടെ താരം പറഞ്ഞത് പേളി മാണിക്കെതിരെ ആണെന്ന് ചിലര്‍ വ്യാഖ്യാനിക്കുകയായിരുന്നു.