നമ്മള്‍ സുഹൃത്തുക്കളാകാന്‍ വിധിക്കപ്പെട്ടവരാണ്…ആസിഫിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍

ഇന്ന് ആസിഫ് അലിയുടെ 34ാം ജന്മദിനമാണ്. മലയാളത്തിന്റെ യുവതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകള്‍ വൈറലാവുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദുല്‍ഖര്‍ ആസിഫിന് ജന്മദിനാശംസ നേര്‍ന്നത്. ശ്യാമ പ്രസാദ് ചിത്രം ഋതുവായിരുന്നു ആസിഫിന്റെ അരങ്ങേറ്റം. ആസിഫിനൊപ്പം റിമ കല്ലിങ്കലും നിഷാനും ഈ ചിത്രത്തിലൂടെ അരങ്ങേറി. എന്നാല്‍ നിഷാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ദുല്‍ഖര്‍ സല്‍മാനെയായിരുന്നു. ഇതേക്കറിച്ചാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ സെക്കണ്ട് ഷോയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായത്.

പ്രിയപ്പെട്ട ആസിഫിന് ഏറ്റവും മികച്ച ജന്മദിനം ആശംസിക്കുന്നു. സ്ലീവാച്ചനായി എത്ര ഗംഭീരമായിരുന്നു അവന്‍. ഈ വര്‍ഷങ്ങളിലത്രയും വളരെ നല്ലൊരു സുഹൃത്തായിരുന്നു ആസിഫ്. നിന്നെ എനിക്ക് കുറഞ്ഞത് എട്ട് വര്‍ഷമായിട്ടെങ്കിലും അറിയാം. എനിക്ക് ധൈര്യമുണ്ടായിരുന്നുവെങ്കില്‍ നമ്മള്‍ ഒരുമിച്ച് തുടങ്ങുമായിരുന്നു. നമ്മള്‍ സുഹൃത്തുക്കളാകാന്‍ വിധിക്കപ്പെട്ടവരാണ്. കൂടുതല്‍ മനോഹരമായ സിനിമകളും, സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം നല്ല സമയവും ആശംസിക്കുന്നു. എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.

അതേസമയം, ആസിഫ് അലിയ്ക്ക് ജന്മദിന സന്ദേശവുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മലയാള സിനിമയില്‍ ഇന്ന് വളരെ ശക്തമായ പേരാണ് ആസിഫ് അലി. തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു ആസിഫിന് 2019. വിജയ് സൂപ്പറും പൗര്‍ണമിയിലും തുടങ്ങി കെട്ട്യോളാണ് എന്റെ മാലാഖയില്‍ അവസാനിച്ച വിജയ യാത്ര ഈ വര്‍ഷവും ആസിഫിന് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.