
മൂന്നാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് താൻ അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ആശ ശരത്. പ്രശസ്തമായ ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുൻപായിരുന്നു ഹൃദയഭേദകമായ ഈ സംഭവമുണ്ടായതെന്ന് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
എട്ടുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിനെയാണ് താരത്തിന് നഷ്ടമായത്. പ്ലാസന്റ പ്രീവിയയിലുണ്ടായ മാറ്റങ്ങൾ മൂലം കുഞ്ഞിനെ നഷ്ടപ്പെട്ടുവെങ്കിലും നോർമൽ ഡെലിവറിയിലൂടെ തന്നെ പ്രസവിക്കേണ്ടി വന്ന സാഹചര്യം വലിയ ട്രോമയാണ് തനിക്ക് നൽകിയതെന്ന് ആശ ശരത് ഓർത്തെടുത്തു. കുഞ്ഞില്ലാതെ തന്നെ പ്രസവവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നത് വൈകാരികമായി തളർത്തിയ നിമിഷങ്ങളായിരുന്നു. ആ കഠിനമായ കാലഘട്ടത്തിൽ ഭർത്താവ് ശരത് നൽകിയ വലിയ പിന്തുണയെക്കുറിച്ചും താരം നന്ദിയോടെ സ്മരിച്ചു.
മൂന്ന് കുട്ടികൾ വേണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ഗർഭകാലം മുഴുവൻ നാട്ടിലായിരുന്ന താൻ പ്രസവം കഴിഞ്ഞ് 40 ദിവസം പിന്നിടുമ്പോൾ തിരികെ വിദേശത്തേക്ക് പോകുമായിരുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും ജോലിയില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും അമിതമായ തിരക്കുകൾക്കിടയിൽ പലപ്പോഴും ഇത്തരം ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിച്ചിരുന്നില്ലെന്നും ആശ ശരത് കൂട്ടിച്ചേർത്തു.
‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം പിന്നീട് ‘ദൃശ്യം’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു. നിലവിൽ ‘ദൃശ്യം 3’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരം.