
മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തെന്നാരോപിച്ച് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിലെ ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫ്. പി.ടി. കുഞ്ഞുമുഹമ്മദ് അധികാരം ഉപയോഗിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും, ചാനലുകളിൽ വാർത്ത വന്ന ഡിസംബർ എട്ടിന് പോലും എഫ്ഐആർ ഇട്ടിരുന്നില്ലെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു. മലയാള മനോരമയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലൂടെയായിരുന്നു ആശ ആച്ചിയുടെ പ്രതികരണം.
“കുഞ്ഞുമുഹമ്മദ് അധികാരം ഉപയോഗിച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പൊലീസ് എഫ്ഐആർ ഇട്ടില്ല. ചലച്ചിത്ര അക്കാദമിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എടുത്ത മൗനത്തിന്റെ അർത്ഥമെന്താണ്?. നവംബർ 24ന് മുഖ്യമന്ത്രിക്ക് കത്ത് എഴുതി. ചാനലുകളിൽ വാർത്ത വന്ന ഡിസംബർ എട്ടിന് പോലും എഫ്ഐആർ ഇട്ടിരുന്നില്ല.” ആശ ആച്ചി ജോസഫ് കുറിച്ചു
“ഇങ്ങനെയൊരു പരാതി ലഭിച്ചയുടൻ അക്കാദമിയിൽ നിന്ന് പലരും എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പലരും എൻ്റെ നന്മയെ കരുതി മിണ്ടാതിരിക്കണം, പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ, മിണ്ടാതിരിക്കാൻ ആളുകൾ എന്നോട് പറഞ്ഞത് എനിക്കെതിരെ നടന്ന മറ്റൊരു അതിക്രമമായാണ് കാണാൻ കഴിയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ചവരോട് പറയാനുള്ളത് ആ അപമാനത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ്. ചലച്ചിത്ര അക്കാദമിയിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾ കടന്നു കൂടുന്നത്?. 2017ൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ല്യു.സി.സി. സംഘടനയുണ്ടാക്കി ശബ്ദമുയർത്തി, അതിന് ഒൻപത് വർഷങ്ങൾക്കിപ്പുറവും ഒരു സ്ത്രീ തൊഴിലിടത്ത് ആക്രമിക്കപ്പെട്ടു.” ആശ ആച്ചി ജോസഫ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കേസിൽ സംവിധായകനും മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കൻ്റോൺമെൻ്റ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകളിൽ അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയത്.
കഴിഞ്ഞ ഡിസംബർ 20-ന് കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞു മുഹമ്മദിനെതിരെ പരാതി നല്‍കിയത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിട്ടുണ്ടായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.