
പ്രവാസ ജീവതത്തിന്റെ ഓര്‍മ പങ്കുവെക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ അസീസ് നെടുമങ്ങാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ജോലി ചെയ്ത ബഹ്‌റൈനിലെ കടയിലെത്തുന്നതിന്റെയും, കൂട്ടുകാരനെ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോയിലുളളത്. വര്‍ഷങ്ങള്‍ക്ക് ശേഷം അസീസിനെ കണ്ടതും സുഹൃത്ത് കെട്ടിപ്പിടിക്കുന്നതും ഇരുവരും സ്‌നേഹം പങ്കിടുകയും ചെയ്യുന്നതും കാണാം. അസീസിനെ അപ്രതീക്ഷിതമായി കണ്ടതും സുഹൃത്ത് അളിയാ എന്ന് വിളിച്ച് കെട്ടിപ്പിടിക്കുന്നതും രസകരമാണ്.
”18 വര്‍ഷങ്ങള്‍ക്ക് മുന്നേ ബഹ്റൈനില്‍ ജോലി ചെയ്ത കടയില്‍ ഞാന്‍ പോയി, കൂടെ വര്‍ക്ക് ചെയ്തിരുന്ന എന്റെ സഹപാഠി ഇപ്പോഴും അവന്‍ അവിടെ ഒണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോള്‍” എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് അസീസ് കുറിച്ചിരിക്കുന്നത്.
ഈ വിഡിയോയ്ക്കു താഴെ നിരവധിപ്പേരാണ് കമൻ്റുകളുമായി എത്തുന്നത്. ‘ഞാൻ സ്ഥിരമായി ഡ്രൈ ഫ്രൂട്ട്സ് ആൻഡ് സ്വീറ്റ്സ് വാങ്ങുന്ന കട…… സന്തോഷം, അപ്പോൾ പഴയതു ഒന്നും മറന്നില്ലല്ലോ കൂട്ടുകാരാ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ബന്ധങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ആണ്…ഇങ്ങനെ പോകുന്നു കമൻ്റുകൾ. അസീസിന് ഇങ്ങനെയൊരു ഭൂതകാലം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും പ്രവാസ ജീവിതത്തെക്കുറിച്ച് ഓർത്ത് പഴയ സഹപ്രവർത്തകരെ ഇന്നും നെഞ്ചോട് ചേർക്കുന്നത് നടന്റെ വലിയ മനസ്സാണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു.
മിമിക്രി വേദികളിലൂടെയാണ് അസീസ് നെടുമങ്ങാട് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കണ്ണൂര്‍ സ്‌ക്വാഡ്, വാഴ തുടങ്ങിയ സിനിമകളിലെ അസീസിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. തത്സമയം ഒരു പെൺകുട്ടിയാണ് ആദ്യ ചിത്രം.