
അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് അരൂപി. ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രം പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ തുടക്കത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് വാര്യര്‍. ചിത്രത്തിന്റെ കഥയ്ക്ക് അനുയോജ്യമായ, തന്റെ സങ്കൽപ്പത്തിലുള്ള ഒരു ‘മന’ കണ്ടെത്തുന്നതിനായി വലിയ രീതിയിൽ അലയേണ്ടി വന്നതായി അഭിലാഷ് പറഞ്ഞു. ഒടുവിൽ അനുയോജ്യമായ ഒരു മന കണ്ടെത്തിയെങ്കിലും, അവിടെ രാത്രികാലങ്ങളിൽ ചിത്രീകരണം നടത്തുന്നതിന് അധികൃതർ അനുമതി നിഷേധിച്ചത് തുടക്കത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, ആദ്യഘട്ടത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പിന്നീട് തങ്ങൾ വിചാരിച്ചതുപോലെ തന്നെ കാര്യങ്ങൾ അനുകൂലമായി ഭവിക്കുകയും ചിത്രീകരണം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാനെഴുതിയ ചെറിയൊരു സ്ക്രിപ്റ്റിൽ നിന്നാണ് അരൂപി എന്ന കഥ ഉണ്ടാകുന്നത്. അതൊരു കഥയാക്കി പ്രൊഡ്യൂസറോട് പറഞ്ഞപ്പോൾ അവർക്കത് ഭയങ്കര ഇഷ്ടമായി. അങ്ങനെയാണ് ഇത് മുൻപോട്ട് പോകാം എന്ന് തീരുമാനിക്കുന്നത്. പക്ഷെ തുടക്കത്തിലൊക്കെ നന്നായിട്ട് ബുദ്ധിമുട്ടി. ഏറ്റവും വലിയ കഷ്ടപ്പാട് മനസ്സിലുള്ള സങ്കൽപ്പത്തിനനുസരിച്ചുള്ള ഒരു മന കണ്ടുപിടിക്കുക എന്നായിരുന്നു. ഒരുപാടലഞ്ഞ് അവസാനം പട്ടാമ്പിക്കടുത്തുള്ള ചാത്തമംഗലൂരിലാണ് ഈ മന കണ്ടുപിടിച്ചത്. രണ്ടരമാസത്തോളമാണ് ഇതിനായി തേടി നടന്നത്. പക്ഷെ ആ മന രാത്രി ഷൂട്ടിങ്ങിനു കൊടുക്കില്ലെന്ന് പറഞ്ഞു. കൂടാതെ ആളുകളൊക്കെ വന്ന് ഫോട്ടോ എടുത്തു പോകാറൊക്കെ ഉണ്ട്.” അഭിലാഷ് പറഞ്ഞു.
“പിന്നീട്ട് രാത്രി ഷൂട്ട് ചെയ്യാനുള്ള പെർമ്മിഷൻ വാങ്ങാനായി ആ മനയുടെ ഓണറുടെ വീട്ടിലൊക്കെ പോയി സംസാരിച്ചു. എന്നിട്ടാണ് റെഡിയായത്. പിന്നെ നോക്കുമ്പം ഒരു മൂന്ന് ദിവസം കഴിഞ്ഞപ്പം മഴയുടെ രൂപത്തിലായി തടസ്സം, 23 ദിവസം തുടർച്ചയായി രാത്രി മഴ പെയ്തു. ഞങ്ങളുടെ ഷൂട്ട് ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി രണ്ടു മണിവരെയായിരുന്നു. അത് കൊണ്ട് പുറത്തുള്ള വർക്ക് അത്രക്ക് ഭംഗിയായി ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ മൊത്തത്തിൽ ഒരു നല്ല അന്തരീക്ഷംയായിരുന്നില്ല തുടക്കത്തിൽ. പക്ഷെ പിന്നീട് പോകെ പോകെ എല്ലാം ശരിയായി വന്നു. അവസാനത്തേക്ക് നമ്മളുദ്ദേശിച്ച രീതിയിൽ നമ്മളത് സെറ്റ് ആക്കി എടുത്തു.” അഭിലാഷ് കൂട്ടിച്ചേർത്തു.
വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പിആർഒ- എ എസ്
ദിനേശ്.