‘കേന്ദ്ര ആരോഗ്യമന്ത്രാലയം ഉണരണം; ഐഎംഎയുടെ പ്രസ്താവന പങ്കുവെച്ച് ഫര്‍ഹാന്‍ അക്തര്‍

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ഹെല്‍ത്ത് കെയര്‍ ബജറ്റിന്റെ ജിഡിപി ഉയര്‍ത്താനാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷൻ ഉറപ്പ് വരുത്തണമെങ്കിൽ ജിഡിപിയുടെ എട്ട് ശതമാനം മുതൽ പത്ത് ശതമാനം വരെയെങ്കിലും ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നാണ് പത്ര കുറിപ്പിലെ പ്രധാന നിർദേശം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പത്ര കുറിപ്പാണ്. ഇത് എല്ലാവരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ വകുപ്പിനുള്ള ബഡ്‌ജറ്റ്‌ വർധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തിൽ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെ ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നും നിർദേശിക്കുന്നു. എങ്കിൽ മാത്രമേ മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷൻ ഉറപ്പാക്കുവാൻ സാധിക്കുകയുള്ളൂ.’എന്നാണ് ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന് മുമ്പും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഫര്‍ഹാന്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ അവസ്ഥക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിലപാടുകളാണെന്ന് ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തിരുന്നു. ‘മുന്നറിയിപ്പുകള്‍ അവഗണിച്ച് വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് അഭിമാന പൂര്‍വ്വം കൂടിച്ചേരലുകള്‍ നടത്തി. നിലവില്‍ വരാന്‍ പോകുന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടുമാണ് ഇങ്ങനെ ചെയ്തത്. കിന്റര്‍ഗാര്‍ഡനില്‍ മിഠായിക്കട തുറന്ന ശേഷം കുട്ടികള്‍ മിഠായി കഴിക്കുന്നതായി പഴിചാരാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ എന്നാണ് ഫര്‍ഹാന്‍ പറഞ്ഞത്.

കൂടാതെ കോവീഷീല്‍ഡ് വാക്സിന്റെ വില പുറത്തുവന്നപ്പോഴും കേന്ദ്രത്തിന് വില കുറച്ച് ലഭിക്കുന്നതെന്താണെന്ന് താരം ചോദ്യം ചെയ്തിരുന്നു. ‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയില്‍ കോവീഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് മനസിലാക്കിത്തരാന്‍ സാധിക്കുമോ? ഇനി അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുമായി പങ്കുവെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.