നവാഗത സംവിധായകനായ അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തിലൊരുങ്ങി തീയേറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ച്ച 31 നോട്ട് ഔട്ട് .ഗ്രാമീണ പഞ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന്റെ പ്രമേയം അതിശക്തവും അതെ സമയം തന്നെ ഏതൊരു പ്രായത്തിലുള്ള പ്രേക്ഷകനും ആസ്വാദ്യകരവുമാണ്.ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഐശ്വര്യ ലക്ഷമിയുടെ പ്രകടനം തന്നെയാണ്.
ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രമായ അവിവാഹിതയായ അര്‍ച്ചനയിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അര്‍ച്ചന 31 നോട്ട് ഔട്ട് ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു സ്ത്രീയുടെ കല്യാണം അല്പം വൈകിയാല്‍ അവള്‍ ഇന്നും ചോദ്യം ചെയ്യപ്പെടുന്ന സാമൂഹിക അന്തരീക്ഷത്തിലാണ് നാം ഇന്നും ഉള്ളത്. ആ ചോദ്യം ചെയ്യലുകളില്‍, സംശയങ്ങളില്‍, ഊഹകഥകളില്‍, മാനസികമായി തളര്‍ന്നു പോയ ഒരുപാട് അര്‍ച്ചനമാരെ നമുക്ക് ചുറ്റും കണ്ട് കാണും. അവര്‍ക്ക് ചുറ്റും കഴുകന്‍ കണ്ണുകളുമായി നടക്കുന്നവരെയും നാം കണ്ട് കാണും. നമുക്കിടയില്‍ തന്നെയുള്ള അത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുക എന്നതില്‍ അണിയറപ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം. കഥയ്ക്ക് യോജിക്കുന്ന രീതിയില്‍ സഞ്ചരിക്കുന്ന ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് എടുത്തു പറയണ്ടത് . നവാഗതനായ മുഹ്‌സിന്റെ എഡിറ്റിഗും മികച്ചു നിന്നു. സിനിമാറ്റോഗ്രാഫി ഗിമ്മിക്കുകള്‍ അധികം ഉപയോഗിക്കാതെ തന്നെ മികച്ച രീതിയില്‍ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ ജോയല്‍ ജോയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാക്കളില്‍ ഐശ്യര്യ ലക്ഷ്മിയും, ഇന്ദ്രന്‍സും തന്നെയാണ് മികച്ചു നിന്നത്.
ചെറിയ നര്‍മ്മങ്ങളോടെ മുന്നേറുന്ന വളരെ രസകരമായ ആദ്യ പകുതിയും, കഥയുടെ ഗൌരവത്തിലെയ്ക് നര്‍മ്മം നഷ്ടപ്പെടാതെ തന്നെ പ്രേക്ഷകനെ കൊണ്ടുപോകുന്ന രണ്ടാംപകുതിയും, കൈയ്യടിപ്പിച്ച് അവസാനിപ്പിക്കാവുന്ന ക്ലൈമാക്‌സും കൂടിയാകുമ്പോള്‍ അര്‍ച്ചന 31 നോട്ട് ഔട്ട് 2022ല്‍ ഹൃദയത്തിനു ശേഷം തീയറ്ററുകളില്‍ വിജയത്തിലേയ്ക്ക് കുതിയ്ക്കുന്ന അടുത്ത ചിത്രമാകുന്നു.