‘ലൂസിഫറി’ന് ശേഷം വീണ്ടും മാസ് വേഷവുമായി എത്താനായി മോഹന്‍ലാല്‍ ഒരുങ്ങുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന് ‘ആറാട്ട്’ എന്ന് പേരിട്ടു. കോമഡിയും ആക്ഷനും സമം ചേര്‍ന്നുള്ള മാസ്സ് മസാല എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255 നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഹൈലൈറ്റ്.
ബ്ലോക്ക്ബസ്റ്ററായിരുന്ന മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമയുമാണ് ‘ആറാട്ട്’ എന്ന പ്രത്യേകതയുമുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. കൂടാതെ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. ഈ മാസം 23ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പാലക്കാടിന് പുറമെ ഹൈദരാബാദും സിനിമയുടെ ലൊക്കേഷനായുണ്ട്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവന്‍ ടൈറ്റില്‍. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യം നിര്‍വ്വഹിക്കാനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ വന്നതോടെ മുടങ്ങിയ ‘ദൃശ്യം 2’ ചിത്രീകരണം അടുത്തിടെ ഇളവുകള്‍ വന്ന ശേഷം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അതോടൊപ്പം റാം എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ ദുബായിയില്‍ അവധിദിനങ്ങള്‍ ചിലവഴിക്കുകയാണ് മോഹന്‍ലാല്‍. അടുത്തിടെ ഐപിഎല്‍ ഫൈനല്‍ വേദിയിലും അദ്ദേഹം എത്തിയിരുന്നു. കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ദുബായിയിലെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.