‘രാമായണ’ത്തിനായി ഉപേക്ഷിച്ചത് പത്തോളം സിനിമകൾ; സംഗീതമൊരുക്കാൻ മൂന്ന് വർഷമെടുത്തെന്ന് എ.ആർ. റഹ്‌മാൻ

','

' ); } ?>

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ സംഗീതസംവിധാനത്തിനായി പ്രമുഖ സംവിധായകരുടേതടക്കം പത്തോ പന്ത്രണ്ടോ സിനിമകൾ താൻ ഉപേക്ഷിച്ചതായി ഓസ്‌കർ ജേതാവ് എ.ആർ. റഹ്‌മാൻ. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും പൂർത്തിയാക്കാൻ മൂന്ന് വർഷത്തോളമെടുത്തതായും, പൂർണ്ണമായും ഈ പ്രൊജക്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മറ്റു ചിത്രങ്ങൾ വേണ്ടെന്നുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI) സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സംവിധായകരുടെ സിനിമകൾ ഉപേക്ഷിച്ചതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്ന് റഹ്‌മാൻ പറഞ്ഞു. ചിത്രത്തിലെ ചില ഗാനങ്ങൾ പൂർണ്ണതയിലെത്തിക്കാൻ 13 പതിപ്പുകൾ വരെ തയ്യാറാക്കേണ്ടി വന്നു. ‘രാവണ താണ്ഡവ്’ എന്ന ഗാനത്തിന്റെ 12-13 പതിപ്പുകൾ ചെയ്ത ശേഷമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട അന്തിമ പതിപ്പിലേക്ക് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹോളിവുഡ് സംഗീതസംവിധായകൻ ഹാൻസ് സിമ്മറുമായി ചേർന്നാണ് റഹ്‌മാൻ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. പ്രശസ്ത കവി കുമാർ വിശ്വാസിന്റേതാണ് വരികൾ.

അതേസമയം, ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ പ്രൊജക്റ്റിനോട് നീതി പുലർത്താൻ റഹ്‌മാൻ-സിമ്മർ കൂട്ടുകെട്ടിന് കഴിഞ്ഞോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ‘രാവണ താണ്ഡവ്’ എന്ന ഗാനത്തിന് രാവണന്റെ കഥാപാത്രത്തിന് ആവശ്യമായ തീവ്രതയില്ലെന്നും, അരിജിത് സിങ്ങും ശ്രേയ ഘോഷാലും ആലപിച്ച ‘മംഗൾ രംഗ്’ എന്ന ഗാനം ഖവാലി ശൈലിയിലുള്ളതാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

നമിത് മൽഹോത്രയും യഷും ചേർന്ന് 4,000 കോടി രൂപ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ നിർമ്മിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, യഷ് രാവണനായും, സായ് പല്ലവി സീതയായും, രവി ദുബെ ലക്ഷ്മണനായും ചിത്രത്തിൽ വേഷമിടുന്നു.