
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ നടനാണ് “അപ്പാനി ശരത് കുമാർ”.പിന്നെയും നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും അങ്കമാലി ഡയറീസിലെ “അപ്പാനി രവി” യെന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രത്യേക ആരാധകരുണ്ട്. ഇപ്പോഴിതാ അപ്പാനി രവിയേക്കാൾ തന്റെ ജീവിതത്തിലെ ബെസ്റ്റ് ക്യാരക്റ്റർ “ഓട്ടോ ശങ്കർ” എന്ന വെബ് സീരീസിലേതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അപ്പാനി ശരത് കുമാർ. “താൻ ചെയ്തതിൽ ഹൃദയത്തോട് ഏറ്റവും അടുത്ത നിൽക്കുന്ന കഥാപാത്രം ഓട്ടോ ശങ്കറാണെന്ന്” അപ്പാനി ശരത്ത് പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“80 ,90 കാലഘട്ടങ്ങളിൽ ചെന്നൈയിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള വെബ് സീരീസാണ് “ഓട്ടോ ശങ്കർ”. ഒരു നടനെന്ന നിലയിൽ, അപ്പാനി രവി എന്ന കഥാപാത്രത്തെക്കാളും എന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ക്യാരക്റ്റർ ‘ഓട്ടോ ശങ്കറാ’ണെന്ന് എനിക്ക് പറയാൻ കഴിയും. കാരണം, അങ്കമാലി ഡയറീസിലെ അപ്പാനി രവിക്ക് സിനിമ മുഴുവൻ ഒരൊറ്റ ഇമോഷൻ മാത്രമേ ഒള്ളു. പക്ഷെ ഓട്ടോ ശങ്കറിലേക്ക് വരുമ്പോൾ അച്ഛൻ, മകൻ, ഭർത്താവ്, എന്നിങ്ങനെ അയാൾക്ക് ഒരുപാട് ലെയേർസ് ഉണ്ട്”. അപ്പാനി ശരത്ത് പറഞ്ഞു.
“ഇതൊരു ബയോഗ്രഫി കൂടി ആയത് കൊണ്ടായിരിക്കാം ഞാൻ ചെയ്തതിൽ എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം ഓട്ടോ ശങ്കറാണ്. എത്ര ആളുകളിലേക്ക് സിനിമ എത്തി എന്നതിനേക്കാൾ, ഞാൻ എത്രത്തോളം ആ കഥാപാത്രത്തിന് വേണ്ടി എന്നിലെ നടനെ ഉപയോഗിച്ചു എന്നതിനാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്”. അപ്പാനി ശരത്ത് കൂട്ടിച്ചേർത്തു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അപ്പാനി ശരത് കുമാർ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. ബാല്യം മുതലേ നാടകങ്ങളിൽ സജീവമായിരുന്നു. കേരളത്തിലെ നിരവധി ഉത്സവങ്ങളിലും നാടകങ്ങളിലും പങ്കെടുത്തു, കൂടാതെ തിരുവനന്തപുരം കലാമന്ദിരം നാടക സംഘത്തിന്റെ ഭാഗമായി. തിരുവനന്തപുരം അഭിനയം, കാവാലം നാരായണ പണിക്കരുടെ സോപാനം തുടങ്ങിയ പ്രശസ്ത സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു. ഇന്ദിരാഗാന്ധി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, സ്കൂളുകളിലും കോളേജുകളിലും മിമിക്രി, നാടക അധ്യാപകനായും സേവനമനുഷ്ഠിച്ചു. തുടർന്ന് തിരുവനന്തപുരം കൊമേഡിയൻസ് ട്രൂപ്പിന്റെ സ്ഥാപകനായി.
അങ്കമാലി ഡയറീസിന് ശേഷം ” വെളിപ്പാടിൻ്റെ പുസ്തകം “, ” പോക്കിരി സൈമൺ “, “സച്ചിൻ” തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. ” ചെക്ക ചിവന്ത വാനം “, ” സണ്ടക്കോഴി 2 ” തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധ നേടി. പിന്നീട് ZEE5 പരമ്പരയായ ” ഓട്ടോ ശങ്കർ ” എന്ന പരമ്പരയിൽ കുപ്രസിദ്ധ സീരിയൽ കില്ലർ ഓട്ടോ ശങ്കറിനെ അവതരിപ്പിച്ചുകൊണ്ട് ശരത് ഡിജിറ്റൽ മേഖലയിൽ തരംഗം സൃഷ്ടിച്ചു, കൂടാതെ HR OTT-ക്കുവേണ്ടിയുള്ള പാൻ-ഇന്ത്യൻ സുന്ദരി പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു.