
തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ഔദ്യോഗിക ടീം. ഒരു പ്രമുഖ ബിസിനസുകാരനുമായി 44-ാം വയസ്സിൽ നടി വിവാഹിതയാകുന്നു എന്ന തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിച്ച വാർത്തകൾക്കെതിരെയാണ് ടീം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യക്തമായ അതിർവരമ്പുണ്ടെന്നും അത് ലംഘിക്കുന്നത് പത്രപ്രവർത്തനമല്ലെന്നും ടീം ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത കാര്യങ്ങൾ വാർത്തയാക്കുന്നതിന് മുൻപ് ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കണമായിരുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു. പ്രത്യേകിച്ച് വാർത്താ തലക്കെട്ടുകളിൽ നടിയുടെ പ്രായം എടുത്തുപറയുന്നതിനെ ടീം ശക്തമായി വിമർശിച്ചു. നടന്മാരുടെ കാര്യത്തിൽ കാണിക്കാത്ത ഈ അനാവശ്യ താൽപ്പര്യം നടിമാരുടെ പ്രായത്തിന്റെ കാര്യത്തിൽ മാത്രം എന്തിനാണെന്നും, ഇത് പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
“തന്റെ കരിയർ കഠിനാധ്വാനം കൊണ്ട് അന്തസ്സായി പടുത്തുയർത്തിയ വ്യക്തിയാണ് അനുഷ്‌ക. എല്ലാവരും തങ്ങളുടെ ജീവിതം 24 മണിക്കൂറും പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവരല്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും സ്വകാര്യതയെയും ബഹുമാനിക്കണം. വിവാഹം എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതൊരു ‘ബ്രേക്കിംഗ് ന്യൂസോ’ ട്രെൻഡിംഗ് വിഷയമോ അല്ലെന്നും ടീം വ്യക്തമാക്കി. ഇത്തരം ഗോസിപ്പുകൾ നിരന്തരം നൽകുന്നത് മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയെയാണ് തകർക്കുന്നത്. മറ്റുള്ളവരുടെ അതിരുകളെ ബഹുമാനിക്കണമെന്നും നടന്മാർക്ക് നൽകുന്ന അതേ മാന്യതയും ബഹുമാനവും നടിമാർക്കും നൽകണമെന്നും” പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.