
‘പർദ്ദ’ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് മനസ്സ് തുറന്ന് നടി അനുപമ പരമേശ്വരൻ.’ഹിറ്റിന് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന ചിന്തയിലാണ് താൻ ഓരോ സിനിമയും ചെയ്യുന്നതെന്നും, സിനിമയുടെ പരാജയത്തിൽ വിഷമമുണ്ടെങ്കിലും ആ സത്യം ഉൾക്കൊള്ളണമെന്നും’ അനുപമ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ബൈസണിന്റെ തെലുങ്ക് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘പർദ്ദ പരാജയപ്പെട്ടതിൽ എനിക്ക് വലിയ നിരാശയുണ്ട്. ആ സിനിമയ്ക്ക് സംഭവിച്ചതോർത്ത് എനിക്ക് വിഷമവുമുണ്ട്. പക്ഷെ ആ സത്യം നമ്മൾ ഉൾക്കൊള്ളണം. ഹിറ്റിന് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന ചിന്തയിലാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഇപ്പോൾ കിഷ്കിന്ധാപുരിയിലും ബൈസണിലും ഞാൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. അതിന് തന്നെയാണ് ഞാൻ ശ്രമിക്കുന്നത്’, അനുപമ പറഞ്ഞു.
അനുപമ പരമേശ്വരൻ സുബ്ബുവെന്ന കഥാപാത്രമായി എത്തിയ ചിത്രം മുഖം ‘പര്‍ദ്ദ’കൊണ്ട് മറയ്ക്കുന്ന പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു പറഞ്ഞത്. ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ നിർമ്മിച്ച ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിർവഹിച്ചു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്. ദർശനയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു അത്.
മാരി സെൽവരാജ് ഒരുക്കിയ ബൈസൺ ആണ് ഇപ്പോൾ പുറത്തുവന്ന അനുപമ പരമേശ്വരൻ ചിത്രം. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു.