
എമ്പുരാന്റെ സമയത്ത് ആന്റണി പെരുമ്പാവൂരിന് അറ്റാക്ക് വരുമെന്ന പേടി തോന്നിയിരുന്നുവെന്ന് തുറന്നു പറഞ്ഞ് നിർമാതാവ് സന്തോഷ് ടി കുരുവിള. ആ സമയങ്ങളിൽ ആന്റണി ആരുടെയും ഫോൺ എടുക്കുന്നില്ലായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ആന്റണി വളരെയധികം ആത്മവിശ്വാസമുളള വ്യക്തിയായി മാറിയെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.
“ലാലേട്ടനെ പോലെ തന്നെ ഡിസിപ്ലിൻഡ് ആണ് ആന്റണിയും. അതാണ് പുള്ളിയുടെ വിജയം. ദൃശ്യം 3യുടെ കാര്യത്തിൽ പുള്ളിക്ക് ഒരു ടെൻഷനും മുഖത്ത് കണ്ടിട്ടില്ല. എമ്പുരാന്റെ ദിവസങ്ങളിൽ ഞാൻ പുള്ളിയുടെ ടെൻഷൻ മുഖത്ത് കണ്ടതാണ്. ഞാൻ എന്റെ വീട്ടിൽ ഭാര്യയോടും പിള്ളേരോടും പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു. കാരണം വല്ല അറ്റാക്കും വരുമോയെന്ന് എനിക്ക് പേടി തോന്നി. ആരുടെയും ഫോൺ എടുക്കുന്നില്ലായിരുന്നു. ആ അവസ്ഥയിൽ അല്ല ഇപ്പോൾ പുള്ളി സംസാരിക്കുന്നത്. വളരെ ആത്മവിശ്വാസമുണ്ട്.” സന്തോഷ് ടി കുരുവിള പറഞ്ഞു.
“ദൃശ്യം 3 യെക്കുറിച്ച് വളരെ പോസിറ്റീവായാണ് ആന്റണി പെരുമ്പാവൂർ എന്നോട് സംസാരിക്കാറുള്ളത്. പുള്ളി ഒരു അപാര ബിസിനസുകാരനാണ്. അതിൽ വിദ്യഭ്യാസമൊന്നും ഘടകമല്ല. അറിവ് പങ്കുവെക്കുന്ന പ്രൊഡ്യൂസർ വേറെ ഇല്ലെന്ന് ഞാൻ പറയും. പുള്ളി ഒരു സിനിമ എടുക്കുകയാണെങ്കിൽ ആ സെറ്റിൽ ചെല്ലുന്ന വേണ്ടപ്പെട്ടയാൾക്കാരോടെല്ലാം ആ സിനിമയുടെ മുഴുവൻ കഥയും പറയും. കാരണം ഇവർക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പുള്ളിക്ക് കേൾക്കുകയും ചെയ്യാം. ലാലേട്ടന്റെ മോൾ അഭിനയിക്കുന്ന പടത്തിന്റെ കഥ മുഴുവനും പറഞ്ഞു. നല്ല കഥയാണ്.” സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ ചിത്രം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. സിനിമയുടെ രാഷ്ട്രീയം ആയിരുന്നു വിമർശനങ്ങൾക്ക് കാരണമായത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടി ആയിരുന്ന ആന്റണി പെരുമ്പാവൂരും സിനിമയിൽ അഭിനയിച്ചിരുന്നു.