
നടൻ ടിനി ടോമിനെതിരേ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്‌ച കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തിയാണ് താരം മൊഴി നൽകിയത്. അൻസിബയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ടിനി ടോമിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പോലീസിൻ്റെ തീരുമാനം. ഇരുപക്ഷത്തിൻ്റെയും മൊഴികൾ വിലയിരുത്തിയ ശേഷമാകും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പോലീസ് കടക്കുക.
ടിനി ടോം തനിക്കെതിരേ വർഗീയ പരാമർശവും സൈബർ അധിക്ഷേപവും നടത്തിയെന്നും തൻ്റെ കുടുംബത്തെപ്പോലും അപമാനിച്ചെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. നേരത്തേ നടി ലക്ഷ്‌മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ. രേഷ്‌മ എന്നിവർക്കെതിരേ നൽകിയ പരാതിയിലും തൃക്കാക്കര അസി. കമ്മിഷണർ ഓഫീസിൽ വെച്ച് അൻസിബയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
അതേ സമയം ടിനി ടോമിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ പ്രതികരിച്ചിരുന്നു. സർക്കാർ തനിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും, ടിനി ടോമിനെതിരായ പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്നും അൻസിബ കൂട്ടിച്ചേർത്തിരുന്നു.