
എൽ 3ക്ക് മുൻപ് പൃഥ്വിരാജ് മറ്റൊരു ചിത്രം കൂടി ഡയറക്റ്റ് ചെയ്യുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്. വാഴ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രങ്ങളുടെ രചന നിർവഹിച്ച വിപിൻദാസ് തിരക്കഥ എഴുതുന്ന ചിത്രം പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഫാമിലി എന്റെർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് പറയുന്നത്. ആശിർവാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നായിരിക്കും ഈ സിനിമ നിർമ്മിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം മെയ് 21ന് ഉണ്ടാവും എന്നാണ് സൂചനകൾ ലഭിക്കുന്നത്.
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ലൂസിഫർ ഫ്രാഞ്ചസിയുടെ മൂന്നാം ഭാഗം. പൃഥ്വിരാജ് എന്ന സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. അതിനുശേഷം ലോക്ക്ഡൗൺ സമയത്ത് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു ഫാമിലി എന്റെർടെയ്നർ ചിത്രമായിരുന്നു ബ്രോ ഡാഡി. ഓ ടി ടി യിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ വൻ വിജയം നേടി തീയറ്ററുകളിൽ ബ്ലോക്ക് ബസ്റ്റർ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ എൽ 3 യും അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിട്ടുണ്ട്. സ്ഥിരീകരിക്കാത്ത വാർത്തകൾക്ക് പിന്നാലെ ആകാംക്ഷയിലാണ് ആരാധകർ. വാർത്തകൾ സത്യമാണെങ്കിൽ ബ്രോ ഡാഡിക്ക് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന മറ്റൊരു ഫാമിലി എന്റെർടെയ്നർ ആയിരിക്കും ഇത്.