“പൊങ്കാലക്കെത്തിയത് ശുദ്ധമായ ഭക്തിയോടെ, ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു”; അന്ന രാജൻ

','

' ); } ?>

ആറ്റുകാൽ പൊങ്കലക്കെത്തിയ വേഷത്തിന് നേരിട്ട വിമർശനങ്ങളിൽ പ്രതികരിച്ച് നടി അന്ന രാജൻ. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും, തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുവെന്നും അന്ന പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. കൈകൂപ്പി കണ്ണുനീരോടെ എന്ന തലക്കെട്ടോടെയാണ് അന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അന്ന രാജന്റെ കുറിപ്പിന്റെ പൂർണ രൂപം

“‘കൈകൂപ്പി, കണ്ണുനീരോടെ, ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടിൽ നിന്നുകൊണ്ട്, വിറകടുപ്പിൽ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി.” അന്ന രാജൻ കുറിച്ചു.

“ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും.”അന്ന രാജൻ കൂട്ടിച്ചേർത്തു.

അന്നയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ എത്തി. കുറഞ്ഞപക്ഷം ഇത്തരം മീഡിയകളെ ആരാധനാലയത്തിലേക്ക് പോകുമ്പോൾ ക്ഷണിക്കരുത്. അത് നിങ്ങളുടെ തെറ്റാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു ഒരു ഫോളോവർ കുറിച്ചത്. എന്തുകൊണ്ട് തെറ്റായ രീതിയിൽ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തിയ ആളുകൾക്കെതിരെ നിങ്ങൾ പരാതി നൽകുന്നില്ല?. എപ്പോഴും നിങ്ങൾ അവരെ രസിപ്പിക്കുന്നു. അതിനാൽ അവർ ആ പ്രവൃത്തി തുടരുന്നുവെന്നും ചിലർ കുറിച്ചു.

കഴിഞ്ഞ ദിവസം അന്ന രാജൻ ആറ്റുകാൽ പൊങ്കല ഇടാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം നേരിട്ടിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്. സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്ന തരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു. അന്നയുടെ ആദ്യത്തെ പൊങ്കാലയായിരുന്നു അത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരുന്നത്. പതിവ് പോലെ ചിപ്പിയടക്കമുള്ള നിരവധി താരങ്ങളും എത്തിയിരുന്നു. ആറ്റുകാൽ പൊങ്കാല പകർത്താൻ എത്തിയ ചില ഓൺലൈൻ മീഡിയകൾ അന്ന അടക്കമുള്ള സ്ത്രീ സെലിബ്രിറ്റികളുടെ സ്വകാര്യ ഭാ​ഗങ്ങളുടെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകൾ വൈറലായശേഷം നടിയെ ട്രോൾ ചെയ്തും പരിഹസിച്ചും വിമർശിച്ചും നിരവധി റിയാക്ഷൻ വീഡിയോകൾ പുറത്തിറങ്ങുകയും ചെയ്തിരുന്നു.