
തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ചുകൊണ്ട് പങ്കുവെച്ച റീലിനെതിരെ പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജന്‍. ഇത്രയ്ക്കുവേണ്ടായിരുന്നുവെന്നും. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല എന്നുമായിരുന്നു അന്നയുടെ പ്രതികരണം. കൂടാതെ ഒറിജൻ വീഡിയോയും പ്രതികരണത്തിനൊപ്പം ചേർത്തിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും?. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്’, അന്നാ രാജൻ കുറിച്ചു.
വെള്ള സില്‍ക്ക് സാരിയും ബ്ലൗസും ധരിച്ച ഉദ്ഘാടനവേദിയിലെത്തിയ അന്നയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേവീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയത്. വ്യാജപ്രചാരണങ്ങൾക്കെതിരേ നടി നടത്തിയ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്.
സമാനമായ പ്രശനങ്ങൾ നേരത്തെ നടിമാരായ സെ പല്ലവി, പ്രിയങ്ക മോഹൻ എന്നിവരും നേരിട്ടിരുന്നു. ഇരുവരും പ്രതികരണമറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക. എഐ ഉപയോഗിക്കേണ്ടത് ധാർമികമായ സർഗാത്മകതയ്ക്കാണ്, അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ സൃഷ്‌ടിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും കുറിച്ച് ശ്രദ്ധാലുക്കളായിരിക്കാം. നന്ദി എന്നായിരുന്നു പ്രിയങ്ക മോഹന്റെ പ്രതികരണം. തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനൊപ്പം അഭിനയിച്ച ‘ഒജി’ എന്ന സിനിമയിൽ നിന്നുളള ഒരു രംഗത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചിട്ടുണ്ടായിരുന്നത്.
സഹോദരി പൂജയ്ക്കൊപ്പം കടൽ തീരത്ത് അവധി ആഘോഷിക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങളും വിഡിയോയുമാണ് സായ് പല്ലവി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച് പ്രതികരിച്ചിരുന്നത്. നേരത്തെ നടി ഐശ്വര്യ റായിയും ഭർത്താവ് അഭിഷേക് ബച്ചനും എ ഐ നിർമിത ചിത്രങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഇരുവരും. തന്റെ ചിത്രങ്ങള്‍, രൂപസാദൃശ്യം, അശ്ലീല വീഡിയോകള്‍ എന്നിവയടക്കം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് വെബ്‌സൈറ്റുകളെ വിലക്കണമെന്നും, പൊതു- വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിയിൽ ഇരുവരും ഉന്നയിച്ച പ്രധാന ആവശ്യം. പിന്നീട് ഇരുവരും ഗൂഗിളിനെതിരെയും പരാതി നൽകിയിരുന്നു.
ങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള എഐ വീഡിയോകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് ഇരുവരുടേയും ആവശ്യം. ഇതിന് പുറമെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്‌ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂട്യൂബിന്റെ കണ്ടന്റ് പോളിസിയും തേഡ് പാർട്ടി ട്രെയിനിങ് പോളിസിയും ആശങ്കാജനകമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ ബച്ചൻ ദമ്പതികളോ അവരുടെ പ്രതിനിധികളോ ഗൂഗിൾ വക്താക്കളോ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാദം കേൾക്കുന്ന ജനുവരി 15-ന് മുമ്പായി രേഖാമൂലം മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം ഗൂഗിളിൻ്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1500 പേജുള്ള ഹർജിയാണ് ബച്ചൻ ദമ്പതികൾ സമർപ്പിച്ചിരിക്കുന്നത്. ഗൂഗിളിൽ നിന്നും മറ്റ് എതിർകക്ഷികളിൽ നിന്നും 450,000 രൂപ നഷ്‌ടപരിഹാരവും ഇത്തരം ചൂഷണങ്ങൾ സ്ഥിരമായി നിരോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ, കോഫി മഗുകൾ, സ്റ്റിക്കറുകൾ, വ്യാജ ഒപ്പുകളുള്ള ചിത്രങ്ങൾ എന്നിവ അനധികൃതമായി കച്ചവടം ചെയ്യുന്നവരെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെതായി പ്രചരിക്കുന്ന അശ്ലീല സ്വഭാവമുള്ളതും ഗുരുതരസ്വഭാവമുള്ളതും സാങ്കൽപ്പികമായ എഐ ള്ളടക്കങ്ങളുടെയും നൂറുകണക്കിന് ലിങ്കുകളും സ്ക്രീൻഷോട്ടുകളും താരങ്ങൾ ഹർജിക്കൊപ്പം കോടതിയിൽ നൽകിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ആദ്യം തന്നെ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും പിൻവലിക്കാൻ കോടതി ഉത്തരവിടുകയും ചെയ്‌തു. ഇത് ദമ്പതികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും അവരുടെ അന്തസ്സിനും സൽപ്പേരിനും ഹാനികരമാണെന്നും കോടതി നിരീക്ഷിച്ചു.