അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കായംകുളം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. രാവിലെ വീട്ടില്‍നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്‍പോകുമ്പോള്‍ ബോധരഹിതനായി. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.