ഏറെ രസകരമായ ഒരു ട്രെയ്ലറിന് ശേഷം ഇപ്പോള്‍ ഒരു വെറൈറ്റി ഗാനവുമായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് 5.25 എന്ന ചിത്രം. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ സോങ്ങായി പുറത്തിറങ്ങിയ ‘കയറില്ലാക്കെട്ടില് പെട്ട്’ എന്ന് തുടങ്ങുന്ന ഗാനം ദുല്‍ഖറും പ്രിയദര്‍ശനും ചേര്‍ന്നാണ് പുറത്തുവിട്ടത്. പ്രേക്ഷകര്‍ ഇന്ന് വരെ കാണാത്ത സൗബിന്റെയും സുരാജിന്റെയും ഒരു വെറൈറ്റി അച്ഛന് മകന് കോമ്പോ തന്നെയാണ് ഗാനത്തിലുടനീളം. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഥുന് ജയരാജാണ്. ബികെ ഹരിനാരായണന്റേതാണ് വരികള്‍. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം.
അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഷ്യയില്‍ വെച്ചായിരുന്നു ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിരുന്നത്. മൂണ്‍ ഷോട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മ്മാണം.