അനശ്വര രാജന്‍ തമിഴിലേക്ക്, തൃഷയോടൊപ്പം മുഴുനീള വേഷം

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ തമിഴിലേക്ക്. പ്രമുഖ തമിഴ് സംവിധായകനായ എം.ശരവണന്‍ ഒരുക്കുന്ന റാങ്കിയിലൂടെയാണ് താരം തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. തൃഷയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃഷയോടൊപ്പം ഒരു മുഴുനീള വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അനശ്വര പറഞ്ഞു.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന റാങ്കി പൂര്‍ണ്ണമായും ഒരു ക്രൈം സ്‌റ്റോറിയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്നത്. ഈ മാസം എട്ടിന് തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാകുമെന്നും ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ നായകനാകുന്ന ആദ്യരാത്രിയുടെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്നും അനശ്വര വ്യക്തമാക്കി.

ചതുരംഗ വേട്ടൈ 2 , ഗര്‍ജനൈ, പരമപഥം വിളയാട്ടു തുടങ്ങിയ ചിത്രങ്ങളാണ് തൃഷയുടേതായി ഉടന്‍ തിയേറ്ററുകളിലെത്തുന്നത്. രജനികാന്ത് ചിത്രം പേട്ടയാണ് ഒടുവിലായി പുറത്തിറങ്ങിയ തൃഷ ചിത്രം. കെ.എ. ശക്തിവേല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന റാങ്കിയില്‍ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് സി.സത്യയാണ്.