
അച്ഛനും അമ്മയും കഴിഞ്ഞാല്‍ തന്റെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ മമ്മൂട്ടിയാണെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ ചന്തു സലീം കുമാർ. തന്റെ കരിയറില്‍ ഒരു കാവല്‍ മാലാഖയായി മമ്മൂട്ടിയുണ്ടായിട്ടുണ്ടെന്നും ചന്തു കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ചന്തു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘എല്ലാവരുടെയും ലൈഫില്‍ അച്ഛനുമമ്മയുമല്ലാതെ മറ്റൊരു സൂപ്പര്‍ ഹീറോ കൂടെയുണ്ടാകും, ചെറുപ്പം മുതല്‍ ആരാധിക്കുന്ന, അടുത്തറിയുമ്പോള്‍ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറുന്ന ഒരാള്‍. അയാള്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിങ്ങളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ കൊണ്ടുവരും. താന്‍ പാതി ദൈവം പാതി, എന്നൊരു ചൊല്ലുണ്ട്, ആ പാതി പരിപാടി ചെയ്യാന്‍ ചിലരെ ഈ ദൈവം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു ദൈവം എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും. മറ്റാരും അംഗീകരിക്കാത്തപ്പോള്‍, അയാള്‍ മാത്രം നിങ്ങളെ അംഗീകരിക്കും. അയാള്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയും. അയാള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം ആയിരിക്കും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നത്. അത്തരത്തിലൊരാളുടെ വാക്കുകളാണ് എന്നെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അയാള്‍ എനിക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. ചിലതെല്ലാം അയാള്‍ അറിഞ്ഞുകൊണ്ടും, ചിലതൊക്കെ അയാള്‍ അറിയാതെയും’. ചന്തു കുറിച്ചു.
‘പലരും അയാള്‍ വീണുപോയെന്നും, ഇനി തിരിച്ചു വരില്ലെന്നും, പലതും പറയും. പക്ഷേ നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ക്ക് അറിയാം, അയാള്‍ വരുമെന്ന്. മായാവി സിനിമയില്‍ സായികുമാര്‍ ഗോപികയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നീ പറയാറില്ലേ..എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ കാവല്‍ മാലാഖയെ പോലെ ഒരാള്‍ വരുമെന്ന്.അയാള്‍ വരും. ചിലരുടെ ജീവിതത്തില്‍ ഈ അയാള്‍ ഒരു ദൈവമായിരിക്കും. ചിലര്‍ക്ക്, ഈ അയാള്‍ ഒരു കൂട്ടുകാരനായിരിക്കും. ചിലര്‍ക്ക്, ഈ അയാള്‍ ഒരു അജ്ഞാതനായിരിക്കും. എന്റെ ജീവിതത്തില്‍, ഈ അയാള്‍ മമ്മുക്കയാണ്. ഞങ്ങളുടെ മൂത്തോന്‍’. ചന്തു കൂട്ടിച്ചേർത്തു.
ചന്തു പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ലോകയില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ലോകയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ മൂത്തോന്‍ എന്ന് വിളിച്ചുകൊണ്ടാണ് ചന്തു പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.