
മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ നൽകിയ കരുതലിന്റെ കുറിച്ചും, പിന്തുണയെ കുറിച്ചും കുറിപ്പ് പങ്കുവെച്ച് നടി ഓമന ഔസേപ്പ്. രണ്ടു വലിയ ശസ്ത്രക്രിയകൾക്ക് സാമ്പത്തികമായും മാനസികമായും കരുത്ത് പകരാൻ ‘അമ്മ’ ഉണ്ടായിരുന്നുവെന്നാണ് ഓമന ഔസേപ്പ് വെളിപ്പെടുത്തിയത്. കൂടാതെ പ്രസിഡന്റ് ശ്വേത മേനോൻ, മറ്റ് അംഗങ്ങളായ ഡോ.റോണി, ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, കുക്കു പരമേശ്വരൻ, സരയു എന്നിവർക്കൊപ്പം ബാബുരാജും സഹായഹസ്തങ്ങളുമായി ഒപ്പമുണ്ടായിരുന്നുവെന്ന് ഓമന ഔസേപ്പ് കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“ഞങ്ങളുടെ ‘അമ്മ’ സംഘടന തങ്ങളുടെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. ഈ ഓണം അതുകൊണ്ട് കൂടെ പ്രത്യേകതകൾ ഉള്ള ഒരു ഓണമാണ്. വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞിരിക്കുകയാണ് ഞാൻ. തന്റെ ശക്തമായ കരുതലോടെ എന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു. ശസ്ത്രക്രിയകൾക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതൽ നൽകിയ, എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയ പ്രസിഡണ്ട് ശ്വേത മേനോൻ, നേതൃ നിരയിൽ ഉള്ള എല്ലാ അംഗങ്ങളോടുമുള്ള കൃതജ്‌ഞത അറിയിച്ചുകൊള്ളുന്നു”. ഓമന ഔസേപ്പ് കുറിച്ചു.
“കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൃത്യമായ കരുതൽ ഒരു മാതാവ് തൻ്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന അതേ സ്നേഹവായ്പോടെ അമ്മ നൽകുന്നു. അതിൽ പുതിയ നേതൃനിര ശക്തതമാണ് ശ്രദ്ധാലുക്കളാണ് പ്രവർത്തനനിരതരാണ്. മറ്റാരേക്കാളും എന്നോടൊപ്പം എൻ്റെ അമ്മ അസോസിയേഷൻ എന്നോടൊപ്പമുണ്ട് എന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതിൻ്റെ ശക്‌തി എത്രത്തോളമെന്നത് പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഇങ്ങനെ ഒരമ്മയുടെ മകളാകാൻ കഴിഞ്ഞതാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും”.ഓമന ഔസേപ്പ് കൂട്ടിച്ചേർത്തു.