ദുബായ്: അബുദാബിയില്‍ സിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നു നടന്‍ മോഹന്‍ലാല്‍. ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ആംഡ് ഫോഴ്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. മലയാള സിനിമയിലെ അറുപതോളം നടീനടന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. ത്രീഡി ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷോ നടക്കുക. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുഹമ്മദ് നഹ്യാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പാസ് മൂലം മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. 100 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഈ ഷോയിലൂടെ ഏതാണ്ട് അഞ്ചു കോടിയോളം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ ആളുകള്‍ വീണ്ടും പണം മുടക്കി ഷോയ്ക്ക് വരാന്‍ സാധ്യത ഇല്ലാത്തതിനാലാണ് പരിപാടി കേരളത്തിന് പുറത്തേക്ക് മാറ്റിയത്. മലയാളികള്‍ ഏറെയുള്ള സ്ഥലമാണ് ഗള്‍ഫ്. മുന്‍പ് ധാരാളം ഷോകള്‍ ദുബായില്‍ നടന്നതിനാലാണ് ഷോ തലസ്ഥാന നഗരിയായ അബുദാബിയിലേക്ക് മാറ്റിയത്. നവകേരള നിര്‍മിതിക്ക് കൈകോര്‍ക്കാന്‍ പ്രവാസികളും മുന്നോട്ട് വരണം. വിവിധ താരങ്ങള്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയിട്ടുണ്ട്. അത് പരസ്യമാക്കാത്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതരഭാഷ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ രാജീവ് കുമാര്‍ ആണ് ഷോ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തും. കേരളത്തില്‍ പ്രളയത്തില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ദുരിതത്തിലാണ് കഴിയുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്. ദുരിത ബാധിതരുടെ കണ്ണീരൊപ്പുക എന്നത് എല്ലാവരുടെയും കടമയാണ്. അതിനാലാണ് നവകേരള നിര്‍മാണത്തിനായി അഭിമാനപൂര്‍വം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വ്യക്തമാക്കി.