
അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും ഒഴികയുള്ള മറ്റു താരങ്ങൾ പത്രിക പിൻ വലിച്ചിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്നാണ് നവ്യ നായരുടെ പ്രതികരണം. നിലവിൽ നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും.
നടൻ ബാബുരാജ് അൽപ്പം മുൻപ് മത്സരത്തിൽ നിന്നും പിന്മാറിയതായി സ്ഥിരീകരിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രികയാണ് നടൻ പിൻവലിക്കുന്നത്. നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്. തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ കൂട്ടിച്ചേർത്തു
എന്നാൽ കഴിഞ്ഞ ദിവസം മത്സരിക്കുന്നതിൽ നിന്നും പിന്മാറില്ലെന്ന് ബാബുരാജ് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. നിരവധി താരങ്ങളാണ് ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നത്. താൻ ആരോപണ വിധേയനായപ്പോൾ മാറി നിന്നെന്നും, അതുപോലെ ബാബുരാജ് നിരപരാധിത്വം തെളിയിച്ച് വരട്ടെയെന്നുമാണ്”വിജയ് ബാബുവിന്റെ പ്രതികരണം. അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും, ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ ചോദ്യം.
ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്‌കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു.
അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലാ പാർവതിയുടെ അഭിപ്രായം. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നുമായിരുന്നു സരിതയുടെ വാദം.