
മെമ്മറി കാർഡ് വിവാദത്തിൽ നടി കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് വ്യക്തമാക്കി ‘അമ്മ’ ചെയർപേഴ്സൺ ശ്വേതാ മേനോൻ. അഞ്ചംഗ ആഭ്യന്തര അന്വേഷണ സമിതിയാണ് സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണസമിതിയുടെ റിപ്പോർട്ട് എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ജനറൽ ബോഡിയിൽ അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ശ്വേതാ മേനോൻ പറഞ്ഞു.
വിവാദമായ മെമ്മറി കാർഡ് അന്തരിച്ച നടി കെപിഎസി ലളിതയുടെ പക്കലാണ് അവസാനം ഉണ്ടായിരുന്നതെന്നും, കെപിഎസി ലളിത ഇന്ന് നമ്മോടൊപ്പം ഇല്ലാത്തതിനാൽ മെമ്മറി കാർഡ് എന്ത് ചെയ്തുവെന്ന് അറിയില്ലയെന്നും സമിതി അംഗം ജോയ് മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലതാ നമ്പൂതിരി, ശ്രീലതാ പരമേശ്വരൻ എന്നിവരായിരുന്നു അഞ്ചംഗ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങൾ.
കൂടാതെ നടൻ ദിലീപ് ഇപ്പോൾ ‘അമ്മ’യിൽ അംഗമല്ലെന്നും സംഘടനയിൽ അംഗമാകാൻ ആദ്യം കത്ത് നൽകണമെന്നും അങ്ങനെ ദിലീപ് അപേക്ഷിച്ചാൽ അപ്പോൾ പരിഗണിക്കാമെന്നും ശ്വേതാ മേനോൻ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിൽ ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്വേതയുടെ പ്രതികരണം.
മീ ടൂ വിവാദം ഉയർന്നതിന് പിന്നാലെ സംഘടനയിലെ വനിതാ അംഗങ്ങൾ വിളിച്ചു ചേർത്ത യോഗത്തിൽ സിനിമാ മേഖലയിലെ വനിതകൾ തങ്ങൾ നേരിട്ട അതിക്രമങ്ങളെ കുറിച്ചുള്ള പരാതികൾ തുറന്നു പറഞ്ഞിരുന്നു. ഇത് ചിത്രീകരിച്ച മെമ്മറി കാർഡ് കാണാതായതിനെ തുടർന്നാണ് ‘അമ്മ’യിൽ വിവാദം തുടങ്ങിയത്. മെമ്മറി കാർഡ് നടി കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമെന്നാരോപിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തിയതോടെയാണ് പരാതികൾ മുറുകുന്നത്. കുക്കു പരമേശ്വരന് സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന് കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.