
‘അമ്മ സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമായതിൻ്റെ പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് നടൻ ജോയ് മാത്യു. ഭരണസമിതിയിൽ നിന്ന് ഒഴിഞ്ഞുള്ള തന്റെ രാജി കത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. സംഘടന കുത്തഴിഞ്ഞ സംവിധാനമായെന്നും, ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യുവിന് പിന്നാലെ ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് രാജി വെച്ചിട്ടുണ്ട്.
ശ്വേതാ മേനോൻ പ്രസിഡൻറും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്റാണ് ജയൻ ചേർത്തല. മറ്റൊരു വൈസ് പ്രസിഡൻറായ ലക്ഷ്മിപ്രിയ നേരത്തെ രാജി നൽകിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് കൈലാഷും ജോയ് മാത്യുവും. എന്തിനുവേണ്ടിയാണ് സംഘടനയുടെ ഭാരവാഹിത്വത്തിൽ തുടരുന്നതെന്ന് ജയൻ ചേർത്തല ചോദിച്ചു. ഭരണസമിതി പ്രവർത്തിക്കുന്നുണ്ടോ അതോ രാജി നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.
‘അമ്മ’യിൽനിന്നും പ്രസിഡൻ്റ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ച ശ്വേതാ മേനോൻ അടക്കമുള്ള ഭരണ സമിതി അംഗങ്ങൾ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അധ്യക്ഷൻ രമേഷ് പിഷാരടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്വേത അടക്കമുള്ള ഭാരവാഹികളുടെ രാജിക്കത്ത് ഇ-മെയിലിൽ ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചെന്ന് പിഷാരടി പറഞ്ഞിരുന്നു. അതേസമയം, ശ്വേതയെ പിന്തുണച്ച് രംഗത്ത് എത്തിയ മല്ലികാ സുകുമാരൻ, ലക്ഷ്മിപ്രിയ എന്നിവർ സംഘടനയിൽനിന്ന് തന്നെ രാജിവെച്ചതായി ഇ-മെയിലിൽ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വേത രാജി നൽകാത്തത് അവരുടെ കുഴപ്പമാണെന്നായിരുന്നു അഡ്ഹോക് കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാർ പറഞ്ഞത്. ജനറൽ ബോഡിയിലും മാധ്യമങ്ങളിലൂടെയും പ്രഖ്യാപിച്ച രാജി നൽകേണ്ടത് ശ്വേതയുടെ ചുമതലയാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന സൂചന നൽകുന്നതായിരുന്നു കഴിഞ്ഞ ദിവസം ശ്വേതാ മേനോൻ്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബയുടെ രാജിക്ക് പിന്നാലെയാണ് സംഘടനയിലെ തർക്കം പരസ്യമായത്. ട്രഷറർ ഉണ്ണി ശിവപാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, അഞ്ജലി നായർ, ആശാ അരവിന്ദ് എന്നിവർ രാജിവെച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. എം.എൽ.എ. കൂടിയായ രമേഷ് പിഷാരടി നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, റോണി ഡേവിഡ് രാജ്, കലാഭവൻ ഷാജോൺ, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ദേവി ചന്ദന, സാദിഖ് എന്നിവരെയും ജനറൽ ബോഡി തിരഞ്ഞെടുത്തിരുന്നു. ഇതിലെ റോണിയും ആശാ അരവിന്ദും രാജിവെച്ച കമ്മിറ്റിയിലെ അംഗങ്ങളാണ്. അഡ്ഹോക് കമ്മിറ്റിയിൽ തുടരാനില്ലെന്ന് ആശാ അരവിന്ദ് പിന്നീട് പ്രഖ്യാപിച്ചിരുന്നു.