അംബരീഷിന് യാത്രാമൊഴി ; വിട വാങ്ങിയത് കന്നഡത്തിന്റെ റിബല്‍ ഹീറോ

കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. അംബരീഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രാത്രി മരണം സംഭവിക്കുകയായിരുന്നു. കുറച്ചുകാലമായി പല രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

മലയാളികളുടെ ഇഷ്ടനടി സുമലതയാണ് ഭാര്യ. ഏക മകന്‍ അഭിഷേക്. മൂന്ന് പ്രാവശ്യം ലോക്‌സഭാംഗമായിരുന്നു. കേന്ദ്ര സഹ മന്ത്രിയുമായിരുന്നു. ജനതാദളില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസിലേക്കു മാറിയിരുന്നു. 2006-2007 കാലയളവില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വിവരസാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. കാവേരി നദീജല തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ, കാവേരി ട്രിബ്യൂണലിന്റെ രൂപീകരണം സംബന്ധിച്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

1952 മെയ് 29 നാണ് മാലവള്ളി ഹുച്ചെ ഗൗഡ അമര്‍നാഥ് എന്ന അംബരീഷ് ജനിച്ചത്. നാല് പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടെ 200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡത്തിലെ റിബല്‍ ഹീറോയായിരുന്നു അംബരീഷ്.