ആഗ്രഹിച്ച വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നി-അമലാ പോള്‍

','

' ); } ?>

സിനിമയില്‍ ആഗ്രഹിച്ച തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നിയെന്ന് തെന്നിന്ത്യന്‍ താരം അമലാ പോള്‍. പുതിയ ചിത്രം ആടൈയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. സ്ത്രീ പ്രാധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കുന്നു.

അമലയുടെ വാക്കുകള്‍..

‘നായികാ പ്രധാന്യമുള്ള വേഷമെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് പിന്നീട് മനസ്സിലാക്കി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം, സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം, ഭര്‍ത്താവിനെ മതിമറന്നു സ്‌നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ മാനേജരോട് പറഞ്ഞു, മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.’ എന്ന് അമല പോള്‍ പറഞ്ഞു.

അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ആടൈ എന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അമല എത്തുന്നത്.