
നടൻ അല്ലു അർജുനെതിരെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടിയുമായി താരത്തിന്റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിൻ്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്‌തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ആരോപിച്ച കാവേരി ബറുവയെന്ന ബ്രാൻഡ് മാനേജർക്കെതിരെയാണ് നിയമനടപടി. ഒരു പോഡ്‌കാസ്‌റ്റ് അഭിമുഖത്തിലായിരുന്നു പരിഹാസരൂപേണയുള്ള കാവേരി ബറുവയുടെ പരാമർശം.
താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്‌തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്‌ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു. താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു.
എന്നാൽ ആരോപണങ്ങളെ പൂർണമായും നടൻ തള്ളിക്കളയുകയാണ് ചെയ്തത്. ത്തരത്തിലുള്ള യാതൊരു നിബന്ധനകളും തൻ്റെ ടീമിനില്ലെന്നും ഇത് തൻ്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും അല്ലു അർജുൻ പ്രതികരിച്ചു. കൂടാതെ എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്‌തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള അവാസ്‌തവങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുൻ ടീം അഭ്യർഥിച്ചു.
വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്‌ഡ് ഇൻ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.