
‘പുഷ്പ 2’ലെ ഏറെ പ്രശംസ നേടിയ മാസ് ആക്ഷൻ രംഗത്തിലെ സാരിയുടുത്തുള്ള വേഷപകർച്ചയെക്കുറിച്ച് മനസ്സ്തുറന്ന് നടൻ അല്ലു അർജുൻ. സ്ത്രീവേഷത്തിൽ അതിശക്തമായ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചത് താൻ കരിയറിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ‘ആൽഫ’ (Alpha) ആയ കാര്യമാണെന്ന് ഫോർബ്സ് ഇന്ത്യ, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ എന്നിവയ്ക്ക് നൽകിയ അഭിമുഖങ്ങളിൽ താരം വ്യക്തമാക്കി.
പുഷ്പയുടെ വൻ വിജയം ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ തനിക്ക് വലിയ പ്രചോദനമാണ് നൽകിയത്. ഇന്നത്തെ കാലത്ത് ശരാശരി നിലവാരമുള്ള ഉള്ളടക്കം കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാവില്ലെന്നും മികച്ച പ്രമേയങ്ങൾ കൊണ്ടുവരിക എന്നതാണ് പ്രധാനമെന്നും നടൻ ചൂണ്ടിക്കാട്ടി. ഒരു വലിയ സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തെ താൻ ഒരു പ്രിവിലേജായാണ് കാണുന്നത്. രാജ്യത്ത് വളരെ കുറച്ചുപേർക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഈ സമ്മർദ്ദം കൂടുതൽ മികച്ച സിനിമകൾ ചെയ്യാനുള്ള അനുഗ്രഹമാണെന്നും അല്ലു അർജുൻ പറഞ്ഞു.
കഥാപാത്രത്തിന്റെ സ്ത്രീവേഷത്തെക്കുറിച്ച് സംവിധായകൻ സുകുമാർ ആദ്യം പറഞ്ഞപ്പോൾ തനിക്ക് വലിയ ഭയമുണ്ടായിരുന്നുവെന്ന് നടൻ വെളിപ്പെടുത്തി. തുടക്കത്തിൽ മറ്റൊരു ലുക്കിൽ നടത്തിയ ഫോട്ടോഷൂട്ട് തൃപ്തികരമാകാതിരുന്നതിനെത്തുടർന്നാണ് സാരിയണിഞ്ഞുള്ള വേറിട്ട ലുക്കിലേക്ക് സുകുമാർ എത്തിയത്. പിന്നീട് തയാറാക്കിയ സ്കെച്ചുകളിലൂടെ കഥാപാത്രത്തിന്റെ കൃത്യമായ രൂപം കണ്ടതോടെയാണ് ഈ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം തനിക്കുണ്ടായതെന്നും സിനിമയുടെ ഏറ്റവും വലിയ സവിശേഷത ഇതായിരിക്കുമെന്ന് തിരിച്ചറിഞ്ഞതെന്നും നടൻ വ്യക്തമാക്കി.
സാരി ധരിച്ച് അഭിനയിക്കുമ്പോഴും കഥാപാത്രത്തിന്റെ പൗരുഷവും ആൽഫ സ്വഭാവവും ഒട്ടും ചോർന്നുപോകരുതെന്ന് താനും സംവിധായകനും നിർബന്ധമുള്ളവരായിരുന്നു. ഈ പരീക്ഷണം വിജയിച്ചാൽ വലിയ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും തിയേറ്ററുകളിൽ ആ രംഗത്തിന് ലഭിച്ച കൂറ്റൻ സ്വീകാര്യത അതിന് തെളിവാണെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.
അല്ലു അർജുന്റെ വാക്കുകൾ;
“അദ്ദേഹം (സുകുമാർ) ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് പേടിയായിരുന്നു. ഞങ്ങൾ ആ ലുക്കിന്റെ വേറെയൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഇത് ശരിയാകില്ല എന്ന്. അങ്ങനെയാണ് അദ്ദേഹം എന്നോട് പറയുന്നത്, ‘നീ സാരി ധരിക്കണം, ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കണം’ എന്ന്. പിന്നെ ഞങ്ങൾ അതിനായുള്ള സ്കെച്ചുകൾ തയ്യാറാക്കാൻ തുടങ്ങി. അപ്പോൾ ആ രൂപം ഞങ്ങൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു. അങ്ങനെ എനിക്ക് അതിൽ താല്പര്യം തോന്നിത്തുടങ്ങി. കാരണം തുടക്കത്തിൽ നമുക്ക് എപ്പോഴും ഒരു പേടി ഉണ്ടാകുമല്ലോ.
പിന്നെ പരീക്ഷണങ്ങൾ നടന്നു. ഒരു നടൻ എന്ന നിലയിൽ ഈ സിനിമയുടെ ഏറ്റവും വലിയ യുഎസ്പി ഇതായിരിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യമായി. ഒരു നടൻ എന്ന നിലയിൽ എനിക്കും ഇതൊരു വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. ഇത് ചെയ്താൽ എനിക്ക് വലിയൊരു പേരും അംഗീകാരവും ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
എന്നാൽ സുകുമാർ സാറും ഞാനും ഒരു കാര്യത്തിൽ ഉറച്ചു നിന്നു. സാരി ധരിച്ചാലും ആ കഥാപാത്രത്തിന് വളരെ ശക്തമായ പുരുഷത്വം ഉണ്ടായിരിക്കണം, ആ ‘ആൽഫ’ സ്വഭാവം നഷ്ടപ്പെടാൻ പാടില്ല”.