
ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് ബുദ്ധിമുട്ടി നടൻ അല്ലു അർജുനും ഭാര്യയും. അല്ലു സിനിമ എന്ന് പേരിട്ടിരിക്കുന്ന പുതിയ തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു സംഭവം. തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ശേഷം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഹൈദരാബാദിലെ ഒരു കഫേ സന്ദർശിച്ചിരുന്നു. ആളുകൾ താരദമ്പതികളെ തിരിച്ചറിഞ്ഞതോടെ ചിത്രങ്ങളും വീഡിയോയും പകർത്താൻ ചുറ്റും കൂടി. ആരാധകരുടെ തള്ളിക്കയറ്റം അനിയന്ത്രിതമായപ്പോൾ അല്ലുവിന് സ്നേഹയെ ചേർത്ത് പിടിച്ച് ആളുകളോട് പിന്തിരിഞ്ഞ് പോകാൻ അഭ്യർഥിക്കേണ്ടി വരുകയായിരുന്നു.
ഭാര്യ സ്നേഹ റെഡ്ഡിയെ ചേർത്തുപിടിച്ച് ജനക്കൂട്ടത്തിനിടയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് അല്ലു അർജുൻ പുറത്തേക്ക് നീങ്ങിയത്. തിരക്ക് പരിധിവിട്ടതോടെ ആളുകളോട് മാറിനിൽക്കാൻ താരം അഭ്യർത്ഥിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്രയും വലിയ തിരക്കിനിടയിലും സ്നേഹയെ സുരക്ഷിതമായി കാറിനുള്ളിലാക്കിയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്താണ് താരം മടങ്ങിയത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ പ്രതിസന്ധി നദി നിധി അഗർവാളും, സമാന്തയും നേരിട്ടിരുന്നു. പലപ്പോഴും ആരാധകരുടെ അതിരു കവിഞ്ഞ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതേ സമയം നിർമ്മാതാവ് എസ്കെഎൻ അല്ലു സിനിമാസ് സോഫ്റ്റ് ലോഞ്ചിൽ പങ്കെടുത്തിരുന്നു. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്ത് രണ്ടാമത്തെയും ഏറ്റവും വലിയ ഡോൾബി സിനിമ ഇതാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിനുള്ളിൽ. അല്ലുവിന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യ, അച്ഛൻ അല്ലു അരവിന്ദ്, അമ്മാവൻ ചിരഞ്ജീവിയുടെ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.