“10 വർഷം കൂടെ നിന്ന ജോലിക്കാരന്റെ മുഖത്തടിച്ച് നെഞ്ചിൽ ചവിട്ടിയ വിജയ്, വിജയ്ക്ക് തിരുത്താൻ സമയമുണ്ട്”; ആലപ്പി അഷ്‌റഫ്

','

' ); } ?>

നടനും ടി വി കെ നേതാവുമായ വിജയ്‌യുടെ വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ഭാര്യ സംഗീത സ്വർണലിംഗം, ജോലിക്കാരനായിരുന്ന സെൽവം എന്നിവർ നടനെതിരെ ഉന്നയിച്ച ആരോപണങ്ങളെകുറിച്ചാണ് ആലപ്പി അഷ്റഫ് സംസാരിച്ചത്. വിജയ്ക്ക് ഇനിയും തിരുത്താൻ സമയമുണ്ടെന്നും വിവേകത്തോടെ കാര്യങ്ങളെ കാണേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി ചെന്നൈയിലെ ചെങ്കൽപ്പേട്ട കുടുംബകോടതിയെ സമീപിച്ചതായും 2021 മുതൽ ഇരുവരും ശാരീരികമായും മാനസികമായും അകന്നു കഴിയുകയാണെന്നും അഷ്റഫ് പറഞ്ഞു. ഒരു പ്രമുഖ നടിയുമായുള്ള വിജയ്‌യുടെ അതിരുവിട്ട ബന്ധമാണ് ഈ തകർച്ചയ്ക്ക് കാരണമായി സംഗീത ചൂണ്ടിക്കാട്ടുന്നത്.

പതിനഞ്ചിലധികം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് വിജയ് ലംഘിച്ചതായും തുടർന്ന് തനിക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അവർ പറയുന്നു. വീട്ടിൽ നിന്ന് പുറത്തുപോകാനോ പണം സ്വതന്ത്രമായി ചെലവാക്കാനോ അനുവദിക്കാത്ത സാഹചര്യമുണ്ടായി. ഈ ബന്ധം തന്റെ മക്കളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും വിജയ് അവരോട് സംസാരിച്ചിട്ട് വർഷങ്ങളായെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുൻപ് തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ നേതാവ് വിജയിയോട് ‘തൃഷയുടെ പിടിയിൽ നിന്ന് മോചിതനാകാൻ’ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. നിലവിൽ സോഷ്യൽ മീഡിയയിൽ സംഗീതയ്ക്ക് പിന്തുണയുമായി ‘സേവ് ആൻഡ് സപ്പോർട്ട് സംഗീത’ എന്ന ഹാഷ്‌ടാഗ് പ്രചരിക്കുകയാണ്.

കൂടാതെ വിജയ്‌യുടെ പത്തു വർഷക്കാലത്തെ സഹായിയായിരുന്ന സെൽവം എന്ന പ്രൊഡക്ഷൻ ബോയ് ഉന്നയിച്ച മർദ്ദന ആരോപണവും ആലപ്പി അഷ്റഫ് ചർച്ചയാക്കി. ഫോണിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്ന വിജയ്, അടുത്തെത്തിയ തന്നെ യാതൊരു കാരണവുമില്ലാതെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി സെൽവം വെളിപ്പെടുത്തി. തന്റെ മകളുടെ വിവാഹവും ഒരു ചെറിയ വീടും സ്വപ്നം കണ്ട് വർഷങ്ങളോളം വിജയ്‌ക്കൊപ്പം നിന്ന തനിക്ക് ഈ പ്രായത്തിൽ നേരിടേണ്ടി വന്നത് വലിയ ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിവാദങ്ങൾ വിജയ്‌യുടെ രാഷ്ട്രീയ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. കമൽഹാസന്റെ രാഷ്ട്രീയ ജീവിതത്തിൽ നടി ഗൗതമിയുമായുള്ള പ്രശ്നങ്ങൾ തിരിച്ചടിയായതുപോലെ, വിജയ്‌ക്കും ഈ കുടുംബപ്രശ്നങ്ങൾ വെല്ലുവിളിയാകും. തന്റെ പ്രശസ്തിയും രാഷ്ട്രീയ പാർട്ടിയും ഒരു ചില്ലുകൊട്ടാരം പോലെ തകരാതിരിക്കാൻ വിജയ് ജാഗ്രത പാലിക്കണമെന്നും അഷ്റഫ് കൂട്ടിചേർത്തു.

ഏപ്രിൽ 20-ന് വിജയ് നേരിട്ട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിലവിൽ യുകെയിൽ പിതാവിന്റെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്ന സംഗീത, രാഷ്ട്രീയത്തോടോ താരപ്രശസ്തിയോടോ താൽപ്പര്യമില്ലെന്നും മക്കളോടൊപ്പം ശാന്തമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.