
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രത്യേകം താല്പര്യമെടുത്ത് രൂപീകരിച്ചതാണെന്നും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കൂടാതെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും അറിയിച്ചു.
റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിര്‍മാണം നടത്തുന്നതും അടുത്തമാസം കോണ്‍ക്ലേവ് തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ട് പോവാന്‍ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും. കേസുകൾ അവസാനിപ്പിക്കാനൊരുങ്ങിയതിന് പിന്നാലെ നടി പാർവതി മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ഹേമ കമ്മിറ്റിയുടെ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രീ ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ’, എന്നായിരുന്നു പാര്‍വതി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.
തൊട്ടുപിന്നാലെ സംവിധായിക വിധു വിൻസെന്റ് പാർവതിക്ക് മറുപടിയുമായി രംഗത്ത് വരികയുണ്ടായി.വിമർശനങ്ങൾ എക്കാലവും നല്ലതാണെന്നും പക്ഷേ താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുതെന്നും വിധു വിൻസെന്റ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തരാം ഈ കാര്യം ചൂണ്ടിക്കാട്ടിയത്. അല്പസ്വല്പം വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും. പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണെന്നും വിധു കൂട്ടിച്ചേർത്തു.