
ചാണകം എറിയുമെന്നുള്ള ഭയം കൊണ്ടാണ് അഖിൽ മാരാർക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്ന് പരിഹസിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. കൂടാതെ നടി അഞ്ജലി നായർ എന്തിനാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് വിമർശിച്ചു.
‘ബിഗ് ബോസിലെ ചില താരങ്ങൾ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റ് ഒപ്പിച്ചെടുക്കാൻ തേരാപ്പാര നടന്നുവെങ്കിലും കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ അവരെയാരും ഏഴയലത്ത് അടുപ്പിച്ചില്ല. അവസാനം ഇവരൊക്കെ അഭയം തേടിയത് ട്വന്റി 20 എന്ന പ്രാദേശിക കക്ഷിയിലാണ്. ബിഗ് ബോസ് വിന്നറായ അഖിൽ മാരാരെ തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായ വിഡി സതീശനെ കണ്ട് തനിക്ക് മത്സരിക്കാൻ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചതിന്റെ നീരസം കൊണ്ട് വി ഡി സതീശിന്റെ മുഖത്ത് ചാണകം എറിയാൻ തോന്നി എന്ന് അദ്ദേഹം പറഞ്ഞു. സാബു ജേക്കബിനെ കണ്ട് സീറ്റ് ആവശ്യപ്പെട്ടപ്പോൾ ചാണകം എറിയുമെന്നുള്ള ഭയം മൂലമാകാം ഉടൻ സീറ്റ് നൽകിയത്.
ട്വൻ്റി20യുടെ മറ്റൊരു സ്ഥാനാർത്ഥിയായ അഞ്ജലി നായർ നല്ലൊരു നടിയാണ്, നന്നായി അഭിനയിക്കാൻ അറിയാം. എന്നാൽ ജനങ്ങളുമായുള്ള അടുപ്പത്തെകുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് മേക്കപ്പിടാതെ വീടിനടുത്തുള്ള കടയിലേക്ക് നടന്നുപോയി സാധനം വാങ്ങിക്കും, അപ്പോൾ കാണുന്നവരോടൊക്കെ സംസാരിക്കും എന്നതാണ്. അഞ്ജലി നായർ എന്തിനാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ല.’ ആലപ്പി അഷ്‌റഫ് പറഞ്ഞു.
‘ട്വൻ്റി 20ക്ക് വേണ്ടി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന് നടിയും നർത്തകയുമായ വീണാ നായരും മത്സരിക്കുന്നുണ്ട്. ബിഗ് ബോസിൽ നിന്നപ്പോൾ ഉണ്ടായ പെരുമാറ്റ രീതികളും പേരുദോഷവും ഒക്കെ ട്രോളുകളായും റീലുകളായും കമന്റുകളായും ഒക്കെ വന്നത് നമ്മൾ കണ്ടതല്ലേ. അത് അവരുടെ കുടുംബജീവിതത്തെ പോലും ബാധിച്ചിട്ടുണ്ടെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പരാധീനതകൾ പറഞ്ഞ് പ്രേക്ഷകരുടെ മുൻപിൽ വിങ്ങി പൊട്ടാറുള്ള വീണാനായരാണ് ഏറ്റുമാനൂരിലെ ജനങ്ങളുടെ പരാധീനതകൾ കേട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്’.’ ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
നിയമ സഭ ഇക്കുറി മൽസരരംഗത്ത് നിരവധി സെലിബ്രിറ്റികളും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. അവരിലേറെയും ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥികളാണ്.