മീ ടൂ വിവാദം ; ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

തനിക്കെതിരെ മീ ടൂ ആരോപണം ഉയര്‍ത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്.

‘എന്റെ പെരുമാറ്റം ദിവ്യയെ മുറിവേല്‍പ്പിച്ചു എന്നറിഞ്ഞപ്പോള്‍ ദിവ്യയോട് വ്യക്തിപരമായി തന്നെ ഞാന്‍ മാപ്പ് അപേക്ഷിച്ചിരുന്നു. ഈ പ്രശ്‌നം പബ്ലിക്കായതോട് കൂടി പബ്ലിക് ആയിട്ട് തന്നെ മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ആയതിനാല്‍ എന്റെ തെറ്റിന് ഞാന്‍ വീണ്ടും ദിവ്യയോട് മാപ്പ് ചോദിക്കുന്നു. എന്റെ മോശമായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു. എന്റെ ഈ മാപ്പ് അപേക്ഷ ദിവ്യയോട് മാത്രമല്ല, മറിച്ച് എന്റെ പെരുമാറ്റം മൂലം മുറിവേറ്റ എല്ലാവരോടുമായിട്ടാണ്’ അലന്‍സിയര്‍ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. 2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ മീടു ആരോപണം നടത്തിയത്. മീ ടൂ ആരോപണത്തെ തുടര്‍ന്ന് അലന്‍സിയറിന് ചലച്ചിത്ര മേഖലയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു.