
ബോളിവുഡ് നടൻ അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേസരി ചാപ്റ്റർ 2 . അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് താരം പങ്കുവെച്ച പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കഥകളി വേഷം ധരിച്ച നിലയിലാണ് അക്ഷയ് കുമാർ പോസ്റ്റ് ചെയ്ത ചിത്രം. “ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും സത്യത്തിന്റേയും എന്റെ രാജ്യത്തിന്റേയും പ്രതീകമാണ്,” എന്നാണ് താരം ചിത്രത്തിന് കൂട്ടിച്ചേർത്ത കുറിപ്പ്.
1919-ലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നിലെ യാതാർത്ഥ കാരണത്തെ പുറത്തു കൊണ്ട് വരൻ ശ്രമിച്ച വ്യക്തിയായ കോൺഗ്രസ് നേതാവും ബാരിസ്റ്ററുമായ സി. ശങ്കരൻ നായർന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം. ആയുധംകൊണ്ടല്ല, ആത്മാവിലെ തീയും നിയമവുമാണ് അദ്ദേഹത്തിന്റെ ആയുധം, എന്നാണ് സിനിമയുടെ സന്ദേശം. മാധവനും അനന്യ പാണ്ഡേയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് . ഏപ്രിൽ 18ന് ചിത്രം തിയേറ്ററുകളിൽ എത്തും. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് കരൺ സിംഗ് ത്യാഗി ആണ്.
അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി എന്നിവരാണ് തിരക്കഥ ഒരുക്കിയത്. ശാശ്വത് സച്ച്ദേവ് സംഗീതവും ഒരുക്കിയിരിക്കുന്നു. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അരുണ ഭാട്ടിയ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.