ഇന്ത്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ‘അക്ഷരംപ്രതി’ ആരംഭിച്ചു

','

' ); } ?>

ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിച്ച്, നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അക്ഷരംപ്രതി’ എന്ന ചിത്രത്തിന് തുടക്കമായി. നവംബർ 23 തിങ്കളാഴ്ച കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി.

ജീത്തു ജോസഫിൻ്റെ സഹായിയായിട്ടാണ് രേഷ്‌മയുടെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. “ജീത്തു സാറിൻ്റെ കൂടെ വർക്ക് ചെയ്യാനായി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സാർ പറഞ്ഞതിങ്ങനെയാണ്: ‘നീ കുറച്ചു ദിവസം വന്നു നിന്നു നോക്ക്’. ഈ വാക്കാണ് എനിക്ക് സാറിനോടൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കിയതും ഇന്ന് ഇവിടെ സംവിധായികയായി നിൽക്കാൻ അവസരമേകിയതും. ഇല്ലെങ്കിൽ ഞാനില്ല,” രേഷ്‌മ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.“രേഷ്‌മയുടെ എല്ലാ കഥകളും എന്നോട് ഡിസ്കസ് ചെയ്യാറുണ്ട്; അതിനു വേണ്ടി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,” രേഷ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ജീത്തു ജോസഫ് പറഞ്ഞു.

അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആൻ്റണി, ശരത് സഭ, ഷാൻ റഹ്‌മാൻ, നായിക പുതുമുഖം ഗോപിക രമേഷ്, സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ എന്നിവരും വേദി പങ്കിട്ട് സംസാരിച്ചു.

പൂർണ്ണമായും ഹ്യൂമർ ലവ് ജോണറിലുള്ള ചിത്രമാണിതെന്ന് സംവിധായിക രേഷ്‌മ ശിവകുമാർ വ്യക്തമാക്കി. ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിൻ്റെ ജീവിതത്തിൽ ഒരു പ്രണയം നാമ്പിടുന്നതും ആ പ്രണയം അവൻ്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ബേബി ജീൻ നായകനാകുന്ന ചിത്രത്തിൽ ഗോപിക രമേഷാണ് നായിക. ഗ്രേസ് ആൻ്റണി, ശരത് സഭ, മഞ്ജു പിള്ള, ഷാൻ റഹ്‌മാൻ, ഗംഗാ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അണിയറ പ്രവർത്തകർ

  • തിരക്കഥ: രേഷ്‌മ ശിവകുമാർ, അരുൺ സി. എസ്.
  • സംഗീതം: ജേക്സ് ബിജോയ്
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി
  • ഛായാഗ്രഹണം: ജിതേഷ് മംഗലപ്പിള്ളി
  • എഡിറ്റിംഗ്: ഷമീർ മുഹമ്മദ്
  • കലാസംവിധാനം: എം. ബാവ
  • മേക്കപ്പ്: ആർ. ജി. വയനാടൻ
  • കോസ്റ്റ്യൂം ഡിസൈൻ: സമീരാ സനീഷ്
  • ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: പ്രകാശ് കെ. മധു, സോണി സോളമൻ
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ബിജു കടവൂർ, സെന്തിൽ പൂജപ്പുര
  • പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ

നവംബർ 26-ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്