
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാനുള്ള മനസ്സ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് താനെന്ന് തുറന്നടിച്ച് അഖിൽ മാരാർ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തിയത്. ഇന്ന് കാണുന്ന ആഡംബരങ്ങൾക്കും പ്രശസ്തിക്കും പിന്നിൽ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും മറ്റൊരു ജീവിതമുണ്ടായിരുന്നുവെന്ന് താരം കുറിച്ചു. ‘വീടിനു പുറത്തെ കക്കൂസിനോട് ചേര്‍ന്ന ഈ ഷെഡിലായിരുന്നു തന്റെ താമസം എന്ന് കുറിച്ച് റൂമിന്റെ ചിത്രവും അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്.
ബിഗ് ബോസിലെ വിജയം ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല, മറിച്ച് പ്രേക്ഷകർ തന്റെ നന്മ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റും ആഡംബര വാഹനങ്ങളുമുണ്ട്. ഇതൊന്നും ആരെയും പറ്റിച്ചോ ചതിച്ചോ ഉണ്ടാക്കിയതല്ല. ആട്ടിയോടിച്ച സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിഞ്ഞത് പോരാട്ടവീര്യം കൊണ്ടാണ്. എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ,” താരം കുറിച്ചു.
സിനിമ സംവിധായകനാകുന്നതിന് മുൻപ് ഒരു ഷെഡിലായിരുന്നു തന്റെ താമസമെന്ന് പഴയ വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അഖിൽ വെളിപ്പെടുത്തി. എണ്ണൂറ് സ്ക്വയർ ഫീറ്റ് മാത്രമുള്ള വീട്ടിൽ അച്ഛനും അമ്മയും അമ്മൂമ്മയും അടങ്ങുന്ന വലിയ കുടുംബമായിരുന്നു. ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയപ്പോൾ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ വീടിന് പുറത്തെ കക്കൂസിനോട് ചേർന്ന ഷെഡിലാണ് താൻ കഴിഞ്ഞതെന്നും അഖിൽ മാരാർ വെളിപ്പെടുത്തി.
തന്റെ ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ പരിഹസിച്ചവർക്ക് തന്റെ ജീവിതവിജയത്തിന്റെ ആഴം അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കഷ്ടപ്പെടുന്നവന്റെ വേദനയും രക്ഷപ്പെട്ടവന്റെ നിലനിൽക്കാനുള്ള പോരാട്ടവും തനിക്ക് ബോധ്യമുണ്ടെന്നും, അനുഭവങ്ങളാണ് മറ്റുള്ളവരെ ഉൾക്കൊള്ളാൻ തന്നെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈശ്വരതുല്യമായ ശക്തിയാണ് തന്നെ നയിക്കുന്നതെന്നും ജനങ്ങളെ സേവിക്കാൻ താൻ സന്നദ്ധനാണെന്നും പറഞ്ഞാണ് അഖിൽ മാരാർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.