“അക്ബർ വില്ലനല്ല, കുത്തിത്തിരുപ്പ് എന്നൊക്കെ ആളുകൾ വളച്ചൊടിക്കുന്നതാണ്”; വിമർശനങ്ങളിൽ പ്രതികരിച്ച് അക്ബറിന്റെ കുടുംബം

','

' ); } ?>

ബിഗ്‌ബോസ് സീസൺ 7 മത്സരാർത്ഥി അക്ബറിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് അക്ബറിന്റെ കുടുംബം. അക്ബർ വില്ലനല്ലെന്നും, എല്ലാവരുടെയും വിഷമങ്ങൾ മനസിലാക്കാനും, തിരിച്ചറിയാനും കഴിവുള്ളവനാണെന്നും അക്ബറിന്റെ ഉമ്മ പറഞ്ഞു. കൂടാതെ അക്ബർ വന്ന വഴി മറക്കാത്തവനാണെന്നും, ഒരുപാട് വിമർശനങ്ങളെ തരണം ചെയ്തവനാണെന്നും സഹോദരി കൂട്ടിച്ചേർത്തു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

“അക്ബർ ഒരിക്കലുമൊരു വില്ലനല്ല. ഒറ്റവാക്കിൽ പറഞ്ഞാൽ അക്ബർ എന്ന് പറഞ്ഞാൽ മനഃസാക്ഷിയുള്ള മോനാണ്. മറ്റുള്ളവരുടെ വിഷമങ്ങളും, പ്രയാസങ്ങളും മനസിലാക്കാനും, തിരിച്ചറിയാനുമൊക്കെ കഴിവുള്ള വ്യക്തിയാണ്. കുത്തിത്തിരുപ്പ് എന്നൊക്കെ ആളുകൾ വളച്ചൊടിച്ച് പറയുന്നതാണ്. അത് എന്താണെന്ന് കൂടി അവനറിയില്ല. അത് തെളിയിക്കാനാണേൽ ഒരുപാട് കഥകളുണ്ട്. അവന്റെ അടുത്തു വന്ന് ആരെങ്കിലും സങ്കടം പറഞ്ഞാൽ ഒരിക്കലും അവരെ അവൻ വെറും കയ്യോടെ തിരിച്ചയക്കില്ല. അവനുണ്ടോ എന്ന് പോലും നോക്കാതെ അവന്റെ കയ്യിലുള്ളത് എടുത്ത് കൊടുക്കും. അത് കൊണ്ട് തന്നെ എന്റെ മകൻ എന്ന് പറഞ്ഞാൽ എനിക്കെന്നും അഭിമാനമാണ്.” അക്ബറിന്റെ ഉമ്മ പറഞ്ഞു

“അക്ബറിന്റെ ജീവിതം എന്ന് പറഞ്ഞാൽ പാട്ടാണ്. അതില്ലെങ്കിൽ അവനില്ല. ചെറുപ്പത്തിൽ പാട്ട് പഠിക്കാനൊക്കെ പോയതിന് മദ്രസയിലെ ഉസ്താദുമാരുടെ അടുത്ത് നിന്നൊക്കെ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഉസ്താദിന്റെ കയ്യിൽ നിന്ന് തല്ലു കിട്ടുമെന്ന് പേടിച്ചിട്ട് ഒരു കൊല്ലം പാട്ട് പഠിക്കാൻ പോകുന്നത് നിർത്തിയിട്ടും ഉണ്ട്. അതുപോലെ തന്നെ ഇതിന് മുന്നേ അവനൊരഭിമുഖത്തിൽ ചെറുപ്പത്തിൽ അനുഭവിച്ച കഷ്ടപാടുകളൊക്കെ എടുത്ത് പറയുന്ന കേട്ടു. ഞനതൊക്കെ ഏകദേശം മറന്നിട്ടുണ്ട്. പക്ഷെ അവനതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ട്. വന്ന വഴി മറന്നിട്ടില്ല. അത് കൊണ്ടൊക്കെ തന്നെയാണ് ആളുകൾക്ക് അവനെ മനസിലാക്കുന്നതും, അവനെ സപ്പോർട്ട് ചെയ്യുന്നതും.” സഹോദരി കൂട്ടിച്ചേർത്തു.

മലയാളം ബിഗ്‌ബോസ് സീസൺ 7 ലെ മത്സരാർഥിയാണ് അക്ബർ. ഷോ അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഷോയിലെ മത്സരാർത്ഥികളുടെ റീ എൻട്രിക്ക് പിന്നാലെ അക്ബർ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നും, മത്സരാർത്ഥികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ആദിലയെയും, നൂറയെയും അനുമോളുമായി തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ അക്ബർ നല്ലൊരു പ്ലെയറാണെന്നും, കപ്പടിക്കാൻ സാധ്യതയുണ്ടെന്നും
മറ്റൊരു വിഭാഗവും പറയുന്നുണ്ട്.

സരിഗമപ യുടെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അക്ബറിനെ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. മലയാളത്തിലും തമിഴിലും, കന്നഡയിലുമായി ഇരുപത്തിയഞ്ചോളം ഗാനങ്ങൾ ഇതിനകം അക്ബർ പാടിയിട്ടുണ്ട്. അക്ബറിന്റെ മാർഗം കളി, എടക്കാട് ബറ്റാലിയൻ, ലാസ്റ്റ് ചാൻസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമാണ്.