പഴയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രം ആകാശഗംഗ ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു വിനയന്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളുമടങ്ങി ചിത്രമാണ് ആകാശഗംഗ 2. പഴയ ആകാശ ഗംഗയുടെ ഗൃഹാതുരത ഉള്ളില്‍ സൂക്ഷിക്കുന്നവരെ അതേ കഥാപരിസരത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ചിത്രം. രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ എന്ന കഥാപാത്രം അടക്കി നിര്‍ത്തിയ ചുടല യക്ഷി ഗംഗ തന്നെയാണ് ഇത്തവണയും ഭയപ്പെടുത്താനിറങ്ങുന്നത്. മാണിക്യശ്ശേരി മനയിലെ രക്തം തന്നെയാണ് ആവശ്യം. മേപ്പാടന്റെ മകളായി രമ്യാകൃഷ്ണനും ശിഷ്യനായി ഹരീഷ് പേരടിയും എത്തുന്നു. ഇവര്‍ക്കാണ് ചുടലയക്ഷിയെ തളയ്ക്കാനുള്ള നിയോഗം.
ഒരു പ്രേതകഥയിലുണ്ടാകാന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ക്ക് കരുത്താകേണ്ടുന്നത് സാങ്കേതിക വിഭാഗമാണ്. ആര്‍ട്ടും, ഗ്രാഫിക്‌സും പക്ഷേ അത്ര മികച്ചതായി തോന്നിയില്ല. അതേ സമയം വിദേശ ചിത്രങ്ങളിലുപയോഗിക്കുന്ന പ്രൊസ്‌തെറ്റിക്ക് മെയ്ക്ക് അപ്പ് ഒരു നവീനാനുഭവമായി തോന്നി. പ്രേതങ്ങള്‍ക്ക് ഗ്രാഫിക്‌സിനേക്കാളുപരി കരുത്തായത് എന്‍.ജി റോഷന്റെ മെയ്ക്ക് അപ്പ് ആണ്. ആദ്യ ആകാശ ഗംഗ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ നട്ടെല്ലില്‍ നിന്നും വളര്‍ത്തിയെടുത്ത ചില്ലകളായാണ് രണ്ടാംഭാഗത്തില്‍ കഥയും കഥാപാത്രങ്ങളും അനുഭവപ്പെടുന്നത്. ഗംഗ വീണ്ടും എത്തുമോ എന്ന സസ്‌പെന്‍സിലാണ് ചിത്രം അവസാനിപ്പിക്കുന്നത്.
ചിത്രത്തില്‍ മയൂരിയെ തന്നെ തിരിച്ചു കൊണ്ടുവന്നതില്‍ പുതുമയുണ്ടായിരുന്നു. പുതുമഴയായി എന്ന ബേണി ഇഗ്നേഷ്യസ് ഗാനം ചിത്രത്തില്‍ വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഹരിനാരായണന്‍ എഴുതിയ ഗാനവും നന്നായിരുന്നു. ദൃശ്യങ്ങള്‍ കൊണ്ടുള്ള ഭയപ്പെടുത്തല്‍ പരാജയപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം തുണയായത് ബിജിപാലിന്റെ പശ്ചാത്തല സംഗീതമാണ്. ക്യാമറയും, എഡിറ്റിംഗുമെല്ലാം സാധാരണയില്‍ കവിഞ്ഞ അല്ലെങ്കില്‍ ഒരു ഹൊറര്‍ ചിത്രമാവശ്യപ്പെടുന്ന നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല. വിഷ്ണു വിനയ്, വീണ നായര്‍, രമ്യകൃഷ്ണന്‍ ഹരീഷ് കണാരന്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍, വിഷ്ണു ഗോവിന്ദന്‍, പ്രവീണ,റിയാസ് തുടങ്ങീ താരങ്ങള്‍ അവരവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. വിനയന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത് മുത്തശ്ശികഥ കേള്‍ക്കുന്നത് പോലെ ആസ്വദിക്കാനാകുന്ന കഥയുടെ സാധ്യത ഇപ്പോഴുമുണ്ടെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പഴയ ആകാശ ഗംഗയുടെ ഗൃഹാതുരതയില്‍ ആ കഥാപരിസരങ്ങളിലേയ്ക്കുള്ള മടക്കമാണ് ചിത്രം.