അജു വര്‍ഗ്ഗീസ് ഇനി തിരക്കഥാകൃത്ത്..!

യുവതാരം അജു വര്‍ഗ്ഗീസ് ഇനി തിരക്കഥാകൃത്തിന്റെ വേഷമണിയുന്നു. ‘സാജന്‍ ബേക്കറി Since 1962’ എന്ന ചിത്രത്തിന് വേണ്ടിയാണ് സംവിധായകന്‍ അരുണ്‍ ചന്തുവിനോടൊപ്പം അജു തിരക്കഥാ പങ്കാളിയാകുന്നത്. സിജു വിത്സന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ സംവിധായകനാണ് അരുണ്‍. അജു ഈയിടെ അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെയും തട്ടത്തിന്‍ മറയത്തിന്റെയും പോസ്റ്റര്‍ഡിസൈനര്‍ കൂടിയാണ് അരുണ്‍. താന്‍ തിരക്കഥയെഴുതുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമ പോലൊരു വലിയ സിനിമയല്ലെന്നും അതില്‍ ചെറിയൊരു വേഷം അഭിനയിക്കുന്നുണ്ടെന്നും താരം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ആ സിനിമയുടെ തിരക്കഥ പങ്കാളിയാണ് ഞാന്‍. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമ സംവിധാനം ചെയ്ത അരുണ്‍ ചന്തുവിനോടൊപ്പം ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. സാജന്‍ ബേക്കറി Since 1962 എന്നാണ് ആ സിനിമയുടെ പേര്. ലൗ ആക്ഷന്‍ ഡ്രാമ പോലൊരു വലിയ സിനിമയല്ല അത്. ഒരു ഫെസ്റ്റിവല്‍ സിനിമയുമല്ല. ഒരു കൊച്ചുപടം. ഞാനതില്‍ അഭിനയിക്കുകയും ചെയ്യുന്നു. മറ്റ് താരനിര്‍ണ്ണയങ്ങളൊന്നുമായിട്ടില്ല. ഈ വാര്‍ത്ത ആദ്യം അനൗണ്‍സ് ചെയ്യുന്നത് നാനയിലൂടെയാണ്. തട്ടത്തിന്‍ മറയത്ത്, തിര, ലൗ ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ഡിസൈനര്‍ കൂടിയായിരുന്നു അരുണ്‍ചന്തു.”

നേരത്തെ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ സഹ സംവിധായകനായും ലവ് ആക്ഷന്‍ ഡ്രാമയിലെ സഹനിര്‍മ്മാതാവായും അജു വര്‍ഗ്ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ തന്റെ സുഹൃത്ത് വിശാഖ് സുബ്രഹ്മണ്യനോടൊപ്പൊമാണ് ചേര്‍ന്നാണ് അജു ചിത്രം നിര്‍മ്മിച്ചത്.