“ക്ഷേത്രമാണ് പരിസരബോധം വേണം, തല എന്ന് വിളിക്കരുത്”; ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ

','

' ); } ?>

ക്ഷേത്രത്തിനകത്ത് വെച്ച് തന്നെ ‘തല’ എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടൻ അജിത് കുമാർ.
കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പെട്ടന്ന് അജിത്തിനെ കണ്ട ആവേശത്തിൽ ആളുകൾ ബഹളം വെക്കുകയായിരുന്നു. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാൽ കാഴ്ചപരിമിതിയും കേൾവി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം ചിത്രങ്ങൾക്കായി നിന്നുകൊടുക്കാനും അജിത് മടികാണിച്ചില്ല.

അജിത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചും, അംഗീകരിച്ചും നിരവധിപേരാണ് കമന്റുമായെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമായിരുന്നു അത്. സിംപിൾ ആയി മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഈ വര്ഷം രണ്ടു ചിത്രങ്ങളാണ് അജിത്തിന്റേതായി പുറത്തിറങ്ങിയത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’ ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.